കോഴിക്കോട്: ദുബായിൽ നിന്ന് സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ യുവതിയെ തട്ടിക്കൊണ്ടു പോകാനെന്ന വ്യാജേന സ്വർണ കവർച്ചാ ശ്രമം. ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. യുവതി എത്തിച്ച സ്വർണം തട്ടാൻ ഭർത്താവും സംഘവുമാണ് തട്ടിക്കൊണ്ടുപോവൽ നാടകം കളിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. തട്ടിക്കൊണ്ടുപോവൽ സംഘത്തെ മലപ്പുറം പുളിക്കലിൽ നിന്ന് പോലീസ് അതിസാഹസികമായി പിടികൂടി. കണ്ണൂർ സ്വദേശി പ്രിയങ്ക, ഭർത്താവ് റിനീഷ് ഉൾപ്പെടെ നാലുപേരാണ് പിടിയിൽ.
കരിപ്പൂരിൽ സ്വർണവുമായി എത്തിയ പ്രിയങ്കയെ ബലമായി കയറ്റികൊണ്ടുപോയത് ഭർത്താവ് തന്നെയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. സ്വർണം കവർച്ച ചെയ്തുവെന്ന് വരുത്താനായിരുന്നു ശ്രമം. എന്നാൽ പിന്തുടർന്ന പോലീസ് സംഘം ഇവരെ പിടികൂടി. ഇതോടെ കരിപ്പൂരിൽ വീണ്ടും സ്വർണം പൊട്ടിക്കാൻ ശ്രമമെന്ന് സംശയമുയർന്നിരുന്നു. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് എത്തിച്ച സ്വർണം കവരാനാണ് ശ്രമം നടന്നതെന്നായിരുന്നു വിവരം.
ആഭരണങ്ങളായി അണിഞ്ഞാണ് യുവതി സ്വർണം കടത്തിയിരുന്നത്. വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിയ യുവതിയെ, സ്വർണം ഉടമക്ക് കൈമാറുന്നതിന് മുമ്പ് ഭർത്താവും സംഘവും ബലമായി നീല കാറിൽ കയറ്റി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അവിടെനിന്ന് കൊണ്ടോട്ടി ഭാഗത്തേക്ക് പുറപ്പെട്ട സംഘത്തെ പിന്തുടർന്ന പോലീസ് പുളിക്കലിൽ വെച്ച് അതിസാഹസികമായി പിടികൂടി.