റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള നിര്‍ണായകമായ ചര്‍ച്ചകള്‍ നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, യുക്രെയ്‌നിലുടനീളം റഷ്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ വന്‍ നാശനഷ്ടം. യുക്രൈനില്‍ സ്‌കൂള്‍ കെട്ടിടത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 50 പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. സപോറീഷ്യ കോമിഷുവഖയിലെ സ്‌കൂള്‍ കെട്ടിടത്തിലാണ് ആക്രമണം ഉണ്ടായത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ അടുത്ത ആഴ്ച യുഎഇയില്‍ വച്ചാണ് സമാധാന ചര്‍ച്ചകള്‍ നടക്കുന്നത്. ചൊവ്വാഴ്ച ഖാര്‍കീവിലെ ഒരു ആശുപത്രിക്കു നേരെയും റഷ്യന്‍ ആക്രമണമുണ്ടായി. ഹൃദയസംബന്ധമായ അസുഖമുള്ള രോഗികള്‍ ചികിത്സയിലായിരുന്ന വാര്‍ഡിനു കേടുപാടുകള്‍ സംഭവിച്ച ആക്രമണത്തില്‍ 73 പേര്‍ക്കു പരുക്കേറ്റതായി യുക്രെയ്ന്‍ പ്രസിഡന്റ് വാളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. കൂടാതെ മറ്റൊരു ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.