റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തുന്ന റഷ്യ - ഇറാന്‍ ഉപരോധ ബില്ലില്‍ ഒപ്പിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കിയ ബില്‍ ട്രംപ് ഒപ്പുവച്ചതോടെ നിയമാവുകയും പ്രാബല്യത്തില്‍ വരികയും ചെയ്തു. ഇന്ത്യ, ചൈന അടക്കമുള്ള അഞ്ച് രാജ്യങ്ങള്‍ക്ക് മേല്‍ 100 ശതമാനം തീരുവ ചുമത്താന്‍ അധികാരം നല്‍കുന്ന ബില്ലാണ് നിയമമായത്. ഏതെല്ലാം രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തണമെന്ന് ട്രംപിന് തീരുമാനമെടുക്കാം. ഇറാന് മേല്‍ നിലവിലുള്ള അമേരിക്കന്‍ ഉപരോധങ്ങള്‍ നീട്ടുന്നതിനൊപ്പം, റഷ്യയ്ക്കുമേലുള്ള നിയമപരമായ ഉപരോധങ്ങള്‍, താരിഫുകള്‍, വിലക്കുകള്‍ എന്നിവയ്ക്ക് ഈ നിയമനിര്‍മ്മാണം അംഗീകാരം നല്‍കുകയും ചെയ്യുന്നു. ഇതനുസരിച്ച് ഇറാനുമേലുള്ള അമേരിക്കയുടെ സാമ്പത്തിക സൈനിക ഉപരോധങ്ങള്‍ 2031 വരെ നീട്ടി.