കൊച്ചി: കേരളത്തിലെ കേബിള്‍ ടിവി, ബ്രോഡ്ബാന്‍ഡ്, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ മേഖലകളിലെ സംരംഭകരും വ്യവസായ പ്രമുഖരും ഒത്തുചേര്‍ന്ന 'സി.ഒ.എ - കേരളവിഷന്‍ സംരംഭക കണ്‍വെന്‍ഷന്‍ 2026' അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. പ്രൗഡഗംഭീരമായി നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുഹമ്മദ് ഷിയാസ് എം.എല്‍.എ., ബീറ്റ ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ഡോ. ജെ. രാജ്‌മോഹന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ പരിപാടിയില്‍ അധ്യക്ഷനായി.
രാജ്യത്തിനാകെ മാതൃകയായി ഉയര്‍ത്തിക്കാട്ടാനാകുന്ന സംരംഭക മാതൃകയാണ് കേരളവിഷന്റേത്. ടൂറിസം ഉള്‍പ്പെടെയുള്ള പുതിയ മേഖലകളിലേക്ക് കേരളവിഷന്‍ പ്രവേശിക്കുന്നുവെന്ന വാര്‍ത്ത ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഇത്തരം കാഴ്ചപ്പാടുകളും സംരംഭങ്ങളുമാണ് നമ്മുടെ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നത്. കേരളവിഷന്റെ എല്ലാ ഉദ്യമങ്ങള്‍ക്കും സര്‍ക്കാറിന്റെ എല്ലാ പിന്തുണയും ഉറപ്പുനല്‍കുകയാണ് - പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി റോജി എം ജോണ്‍ പറഞ്ഞു.
പുതിയ ടെക്‌നോളജിയും സാങ്കേതിക വിദ്യകളും മാറിക്കൊണ്ടിരിക്കുമ്പോള്‍ അതിനൊപ്പം ചേര്‍ന്ന തടസ്സമില്ലാത്ത സേവനങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുവാന്‍ കേരളവിഷന് സാധിക്കുന്നുണ്ട്. എഐ ഉള്‍പ്പെടെയുള്ള സാങ്കേതിക മാറ്റങ്ങള്‍ കൂടി ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ട് കൂടുതല്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുവാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു - എംഎല്‍എ മുഹമ്മദ് ഷിയാസ് പറഞ്ഞു. മെച്ചപ്പെട്ട ബ്രോഡ്ബാന്‍ഡ് സേവനം ഉറപ്പാക്കുന്നതിന് വേണ്ടി ഓപ്പറേറ്റര്‍മാര്‍ക്കായി കേരളവിഷന്‍ തയ്യാറാക്കിയ ഒഎല്‍ടി 360 സോഫ്റ്റ് വെയറിന്റെ ലോഞ്ചിംഗും എംഎല്‍എ നിര്‍വ്വഹിച്ചു.
കേരളവിഷന്‍ ഗ്രൂപ്പിന്റെ പുതു സംരംഭങ്ങളായ കേരളവിഷന്‍ ടൂറിസം ലിമിറ്റഡ്, കേരളവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും ചടങ്ങില്‍ നടന്നു. കമ്പനിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് എംഡി അനില്‍ മംഗലത്ത് നടത്തി. തുടര്‍ന്ന് വിവിധ വിഷയങ്ങളിലുള്ള ടെക്നിക്കല്‍ പ്രസന്റേഷനുകളും നടന്നു. എക്‌സി. ഡയറക്ടര്‍ ബിജു വിപി, സിഒഒ എന്‍ പദ്മകുമാര്‍, പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്ട് പ്രേം കുമാര്‍, ഡിജിറ്റല്‍, ഐപിടിവി ഒടിടി ഹെഡ് ഉന്‍മേഷ് സദാശിവന്‍, എന്നിവരുടെ വിവിധ വിഷയങ്ങളിലെ ടെക്‌നിക്കല്‍ പ്രസന്റേഷനുകളുമുണ്ടായി. കെസിസിഎല്‍, കെവിബിഎല്‍ ചെയര്‍മാന്‍ സുരേഷ് കുമാര്‍ പിപി, സിഒഎ , സിഒഎ ജനറല്‍ സെക്രട്ടറി പി.ബി സുരേഷ്, ന്യൂസ് മലയാളം ചാനല്‍ എംഡി അബൂബക്കര്‍ സിദ്ദിഖ്, സിഡ്‌കൊ പ്രസിഡന്റ് കെ വിജയകൃഷ്ണന്‍, സിഒഎ ട്രഷറര്‍ ബിനു ശിവദാസ്, കേരളവിഷന്‍ ന്യൂസ് എംഡി പ്രജേഷ് അച്ചാണ്ടി, കേരളവിഷന്‍ ടേണിംഗ്‌സ് കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് എംഡി കെ.വി രാജന്‍, കേരളവിഷന്‍ ടൂറിസം ലി. എംഡി ജ്യോതികുമാര്‍ വിഎസ്, കേരളവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് എംഡി കെ ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സിഒഎ), കേരള കമ്മ്യൂണിക്കേറ്റേഴ്‌സ് കേബിള്‍ ലിമിറ്റഡ് (കെസിസിഎല്‍), കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് ലിമിറ്റഡ് (കെവിബിഎല്‍) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 3000ലേറെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍, മുന്‍നിര ബ്രോഡ്കാസ്റ്റര്‍മാര്‍, എം.എസ്.ഒ.കള്‍, ഐ.എസ്.പി.കള്‍, മറ്റ് വ്യവസായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമായി.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും കടുത്ത മത്സരത്തിനിടയില്‍, കേരളത്തിലെ പ്രാദേശിക സംരംഭകര്‍ക്ക് സുസ്ഥിരമായ വളര്‍ച്ച ഉറപ്പാക്കുന്നതിനും അവരുടെ ഉപജീവന മാര്‍ഗങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള പുതിയ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയായി ഈ സംഗമം മാറി. മാധ്യമ, കേബിള്‍ ടെലിവിഷന്‍, ബ്രോഡ്ബാന്‍ഡ് മേഖലകളില്‍ അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, പുതിയ സാങ്കേതികവിദ്യകള്‍, ഭാവി ബിസിനസ് മാതൃകകള്‍ എന്നിവ സംബന്ധിച്ച് വിപുലമായ ചര്‍ച്ചകളും നടന്നു.