കൊച്ചി: എറണാകുളം വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നങ്കൂരമിട്ട കപ്പലിലെ എന്‍ജിനീയറെ കാണാനില്ലെന്ന് പരാതി. മഹാരാഷ്ട്ര സ്വദേശി അബീദ് മുക്തിയാര്‍ ജ്വാലെയെ (32) ആണ് കാണാതായത്. വ്യാഴാഴ്ച വൈകിട്ട് 4.30 ഓടെ പനി ബാധിച്ചതിനെ തുടര്‍ന്ന് മരുന്ന് വാങ്ങാനായി കപ്പലില്‍ നിന്ന് പുറത്തുപോയതായിരുന്നു ഇയാള്‍.
എന്നാല്‍ പിന്നീട് തിരിച്ചെത്തിയില്ല.എന്‍ജിനീയറെ കാണാതായതോടെ കപ്പല്‍ അധികൃതര്‍ ഹാര്‍ബര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഗുജറാത്തില്‍ നിന്ന് സിമന്റുമായി എത്തിയ കപ്പല്‍ വല്ലാര്‍പാടത്തെ സ്ഥാപനത്തിലേക്ക് ചരക്ക് എത്തിക്കുന്നതിനായി വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഹാര്‍ബര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്‍ജിനീയറെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.