Share this Article
News Malayalam 24x7
വിഡി സതീശൻ തന്നെ മുഖ്യമന്ത്രിയാകണം...നിലപാടില്‍ ഉറച്ച് മുസ്ലീം ലീഗ്
IUML Supports V.D. Satheesan

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി സതീശൻ തന്നെ വരണമെന്ന ഉറച്ച നിലപാടുമായി മുസ്ലിം ലീഗ്. കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കങ്ങൾ മുറുകുന്നതിനിടെയാണ് യുഡിഎഫിലെ പ്രബല കക്ഷിയായ ലീഗ് തങ്ങളുടെ നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചത്. സതീശനെ മാറ്റിക്കൊണ്ട് സംസ്ഥാനത്ത് അനാവശ്യമായ ഉപതിരഞ്ഞെടുപ്പുകൾക്ക് സാഹചര്യം ഒരുക്കേണ്ടതില്ലെന്നാണ് ലീഗിന്റെ വാദം.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിർദ്ദേശപ്രകാരം ഇ.ടി മുഹമ്മദ് ബഷീർ എം.പി അടക്കമുള്ള നേതാക്കൾ പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ജനഹിതം വി.ഡി സതീശന് അനുകൂലമാണെന്നും ആ തീരുമാനത്തിൽ നിന്ന് ഹൈക്കമാൻഡ് പിന്നോട്ടു പോകരുതെന്നും ലീഗ് ആവശ്യപ്പെട്ടു. വി.ഡി സതീശന്റെ മതേതര നിലപാടുകളെയും വർഗ്ഗീയതയ്ക്കെതിരെ അദ്ദേഹം സ്വീകരിക്കുന്ന കടുത്ത നിലപാടുകളെയും ലീഗ് നേതൃത്വം പ്രശംസിച്ചു.


നേരത്തെ എ.കെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും വേണ്ടി വിട്ടുവീഴ്ചകൾ ചെയ്തിട്ടുള്ള ലീഗ്, ഇത്തവണ സതീശന്റെ കാര്യത്തിൽ അടിയുറച്ചു നിൽക്കുന്നത് ശ്രദ്ധേയമാണ്. കെ.സി വേണുഗോപാലിനെയോ മറ്റോ പരിഗണിച്ച് സതീശനെ തഴഞ്ഞാൽ അത് മുന്നണി സംവിധാനത്തെ ബാധിക്കുമെന്ന സൂചനയും ലീഗ് നൽകുന്നു. ജനപിന്തുണയും സമുദായ സംഘടനകളുടെ താൽപ്പര്യവും കണക്കിലെടുത്ത് സതീശനെ തന്നെ അമരത്ത് നിലനിർത്തണമെന്നാണ് ലീഗിന്റെ ആവശ്യം.


ലീഗിന്റെ ഈ കർക്കശ നിലപാട് കോൺഗ്രസ് ഹൈക്കമാൻഡിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ ഡൽഹിയിൽ നടക്കുന്ന ചർച്ചകളിൽ ലീഗിന്റെ നിലപാട് നിർണ്ണായകമാകും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories