പശ്ചിമ ബംഗാളിൽ ആദ്യമായി ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാർ അധികാരത്തിലേക്ക്. ഇന്ന് രാവിലെ 11 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി നിരവധി കേന്ദ്ര നേതാക്കളും ചടങ്ങിൽ സാക്ഷ്യം വഹിക്കും.
കൊൽക്കത്തയിലെ വിശ്വ ബംഗ്ലാ കൺവെൻഷൻ സെന്ററിൽ നടന്ന നിർണായകമായ നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് അദ്ദേഹത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബംഗാളിൽ ബിജെപിയെ വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സുവേന്ദു അധികാരിക്ക് തന്നെ ഭരണചക്രം ഏൽപ്പിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
നന്ദിഗ്രാം, ഭവാനിപൂർ എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ച സുവേന്ദു അധികാരി, മുഖ്യമന്ത്രി മമത ബാനർജിയെ ഭവാനിപൂരിൽ 15,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ചരിത്ര വിജയം നേടിയത്. ഇതോടെ 15 വർഷം നീണ്ടുനിന്ന മമത ബാനർജിയുടെ ഭരണത്തിനാണ് ബംഗാളിൽ അന്ത്യമാകുന്നത്. സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയെന്ന ചരിത്ര നേട്ടവുമായാണ് സുവേന്ദു അധികാരി ഇന്ന് അധികാരമേൽക്കുന്നത്.