Share this Article
News Malayalam 24x7
എ പത്മകുമാറിന് ജാമ്യം; ശബരിമല സ്വർണകവർച്ച കേസ്
Sabarimala Gold Robbery Case

ശബരിമല സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് പത്മകുമാറിന് 'സ്വാഭാവിക ജാമ്യം' (Statutory Bail) ലഭിച്ചത്.

ശ്രീകോവിലിലെ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളികളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഇപ്പോൾ ജാമ്യം നൽകിയത്. നേരത്തെ കട്ടളപ്പാളി വിവാദവുമായി ബന്ധപ്പെട്ട കേസിലും പത്മകുമാറിന് ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ പത്മകുമാറിന് ഇന്ന് ജയിലിന് പുറത്തിറങ്ങാൻ സാധിക്കും.

ഈ കേസിൽ ഇതുവരെ ഏഴു പേർക്കാണ് ജാമ്യം ലഭിച്ചത്. പത്മകുമാർ ഉൾപ്പെടെ അഞ്ചുപേർക്ക് കുറ്റപത്രം വൈകിയതിനാലുള്ള സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാൽ തന്ത്രി കണ്ഠരര് രാജീവര്, മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു എന്നിവർക്ക് നേരത്തെ സാധാരണ ജാമ്യം ലഭിച്ചിരുന്നു. അതേസമയം, ബോർഡ് മുൻ അംഗങ്ങളായിരുന്ന കെ.പി ശങ്കർദാസ്, വിജയകുമാർ എന്നിവർ ഇപ്പോഴും ജയിലിൽ തുടരുകയാണ്.


സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ പത്മകുമാറിന് അനുകൂലമായ സാഹചര്യം ഒരുക്കാൻ അന്വേഷണ സംഘം മനഃപൂർവം കുറ്റപത്രം വൈകിപ്പിച്ചു എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതികളെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് നിയമസഭയിലടക്കം വിമർശനം ഉയർന്നിരുന്നു. എന്നാൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.


കർശനമായ വ്യവസ്ഥകളോടെയാണ് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. വിദേശയാത്ര പാടില്ല, കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെയോ സാക്ഷികളെയോ മറ്റ് പ്രതികളെയോ യാതൊരു കാരണവശാലും ബന്ധപ്പെടാൻ പാടില്ല, മാധ്യമങ്ങളോട് കേസിനെക്കുറിച്ച് സംസാരിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങൾ പത്മകുമാർ പാലിക്കേണ്ടതുണ്ട്.

ശബരിമല ശ്രീകോവിലിന്റെ കട്ടളപ്പാളികളിലും ദ്വാരപാലക ശിൽപത്തിലും സ്വർണം പൂശുന്നതിന് അനുമതി നൽകിയതിലൂടെ ദേവസ്വം ബോർഡിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി എന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories