Share this Article
News Malayalam 24x7
ഇറാനിൽ മരണസംഖ്യ ഉയരുന്നു; ബഹ്റൈനിൽ ആക്രമണം
West Asia Conflict Updates

അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങളിൽ ഇറാനിൽ കനത്ത നാശനഷ്ടങ്ങൾ. യുദ്ധം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1230 പിന്നിട്ടതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. സൈനിക താവളങ്ങൾക്ക് പുറമെ സ്കൂളുകൾക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെയും ആക്രമണം ഉണ്ടായതായി ഇറാൻ ആരോപിച്ചു.

ഇറാൻ പൂർണ്ണമായും തകർക്കപ്പെടുമെന്നും യുഎസ് സൈന്യം ആക്രമണത്തിൽ ബഹുദൂരം മുന്നിലാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനിൽ ഭരണമാറ്റം അനിവാര്യമാണെന്നും അത് സംഭവിക്കുന്നത് വരെ യുദ്ധം തുടരുമെന്നുമാണ് അമേരിക്കയുടെ നിലപാട്. എന്നാൽ അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെങ്കിൽ അതിനെ ശക്തമായി നേരിടുമെന്ന് ഇറാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി.


ഇറാന്റെ പ്രത്യാക്രമണങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നത് മേഖലയെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ബഹ്റൈനിൽ ഹോട്ടലുകൾക്കും അപ്പാർട്ട്മെന്റുകൾക്കും നേരെ മിസൈൽ ആക്രമണം ഉണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസ് ലക്ഷ്യമിട്ട് വന്ന മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. ഖത്തർ, യുഎഇ എന്നിവിടങ്ങളിലേക്കും മിസൈൽ ആക്രമണ ശ്രമങ്ങൾ ഉണ്ടായെങ്കിലും അവ പരാജയപ്പെടുത്തിയതായി ബന്ധപ്പെട്ട രാജ്യങ്ങൾ അറിയിച്ചു. നിലവിൽ ഈ മേഖലയിലെ വിമാനത്താവളങ്ങൾ ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.


ഇന്ത്യയുടെ അതിഥിയായി വരികയായിരുന്ന ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്തത് ഇന്ത്യയിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. കപ്പലിലുണ്ടായിരുന്ന 200-ഓളം ജീവനക്കാരെ ശ്രീലങ്കൻ നാവികസേനയാണ് രക്ഷപ്പെടുത്തിയത്. കപ്പലിനെ സംരക്ഷിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. എന്നാൽ കപ്പൽ തകർന്ന ഉടൻ തന്നെ ഇന്ത്യൻ നാവികസേന രക്ഷാപ്രവർത്തനത്തിനായി കപ്പലുകൾ അയച്ചിരുന്നതായും അതിനിടെ ശ്രീലങ്കൻ സേന രക്ഷാപ്രവർത്തനം പൂർത്തിയാക്കിയതായും വ്യോമ മന്ത്രാലയം വിശദീകരിച്ചു.


ഇറാഖിലെ കുർദിഷ് മേഖല വഴി ഇറാനിലേക്ക് കരസേനയെ അയച്ച് കൂടുതൽ സ്ഥലങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. പശ്ചിമേഷ്യയെ വൻ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് സംഘർഷം തുടരുമ്പോൾ മരണസംഖ്യം ഇനിയും ഉയരാനാണ് സാധ്യത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories