ശബരിമല സ്വർണ്ണ കവർച്ചാ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിന്റെ പേരിൽ കോൺഗ്രസ് എം.പി. ആന്റോ ആന്റണിയെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) നടപടി തുടങ്ങി. മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെയും വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.
പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം സോണിയാ ഗാന്ധിയും ആന്റോ ആന്റണിയും നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് അന്വേഷണം എം.പി.യിലേക്ക് നീണ്ടത്. ചിത്രങ്ങൾ എപ്പോൾ, എവിടെ വെച്ച് എടുത്തത്, പോറ്റിക്ക് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത് ആരാണ് എന്നീ വിവരങ്ങളാണ് എസ്.ഐ.ടി. പ്രധാനമായും തേടുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കപ്പുറം, 2013-14 കാലഘട്ടത്തിൽ പ്രതിക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായി എങ്ങനെ ബന്ധമുണ്ടായി എന്നതിലും അന്വേഷണ സംഘം വ്യക്തത തേടുന്നുണ്ട്.
ആരോപണങ്ങളെ ആന്റോ ആന്റണി എം.പി. തള്ളിക്കളഞ്ഞു. പത്ത് വർഷം മുൻപുള്ള കാര്യമായതിനാൽ കൃത്യമായി ഓർമ്മയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല മണ്ഡലത്തിലെ എം.പി. എന്ന നിലയിൽ അവിടെ നിന്നുള്ള ഒരു സംഘം വന്നപ്പോൾ ഒപ്പം ഫോട്ടോ എടുത്തെന്നല്ലാതെ ഉണ്ണികൃഷ്ണൻ പോറ്റിയെ വ്യക്തിപരമായി അറിയില്ലെന്നും എം.പി. വിശദീകരിച്ചു.
പ്രതിയുമായി എം.പി.ക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ ഉണ്ടോയെന്നും എസ്.ഐ.ടി. പരിശോധിക്കുന്നുണ്ട്. നെടുമ്പറമ്പിൽ ഫൈനാൻസ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് എം.പി.ക്കെതിരെ ഉയർന്ന ആരോപണങ്ങളും അന്വേഷണ പരിധിയിൽ വരും. ശബരിമല തന്ത്രിക്ക് ഈ സ്ഥാപനത്തിൽ നിക്ഷേപം നടത്താൻ സൗകര്യം ഒരുക്കിയത് എം.പി.യാണെന്ന പരാതിയും സംഘം പരിഗണിക്കുന്നുണ്ട്.നാളെ ഹൈക്കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കേണ്ട സാഹചര്യത്തിൽ, ഇന്ന് തന്നെ എം.പി.ക്ക് നോട്ടീസ് നൽകാനോ മൊഴി രേഖപ്പെടുത്താനോ സാധ്യതയുണ്ടെന്നാണ് സൂചന.