Share this Article
News Malayalam 24x7
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്; പരസ്യപ്രചരണം ഇന്നവസാനിക്കും
Tamil Nadu Assembly Election

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ പരസ്യപ്രചാരണം ഇന്ന് വൈകിട്ടോടെ സമാപിക്കും. ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ പ്രചാരണത്തിനൊടുവിൽ സംസ്ഥാനം വോട്ടെടുപ്പിനായി ഒരുങ്ങുകയാണ്. ഏപ്രിൽ 23-നാണ് തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുന്നത്.

ഡിഎംകെ നേതൃത്വം നൽകുന്ന സെക്കുലറിസ്റ്റ് അലയൻസ്, എഐഎഡിഎംകെ-ബിജെപി സഖ്യത്തിലുള്ള എൻഡിഎ, നടൻ വിജയിന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) എന്നീ മൂന്ന് പ്രധാന മുന്നണികൾ തമ്മിലുള്ള ശക്തമായ ത്രികോണ മത്സരത്തിനാണ് ഇത്തവണ തമിഴ്നാട് സാക്ഷ്യം വഹിക്കുന്നത്. പതിവ് ദ്രാവിഡ രാഷ്ട്രീയ പോരാട്ടങ്ങൾക്കിടയിലേക്ക് വിജയിന്റെ രാഷ്ട്രീയ പ്രവേശനം ഇത്തവണ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. 200-ലധികം മണ്ഡലങ്ങളിൽ വിജയിന്റെ ടിവികെ സ്ഥാനാർത്ഥികൾ ഒറ്റയ്ക്ക് മത്സരിക്കുന്നു എന്നത് മറ്റ് രാഷ്ട്രീയ കക്ഷികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ഡിഎംകെ ഇത്തവണ 164 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഇതിൽ 18 സീറ്റുകൾ വനിതകൾക്കായി നീക്കിവെച്ചിട്ടുണ്ട്. കൂടാതെ 60 പുതുമുഖങ്ങളെയും ഡിഎംകെ രംഗത്തിറക്കി. കോൺഗ്രസ്, സിപിഐഎം, സിപിഐ (അഞ്ച് വീതം സീറ്റുകൾ), മുസ്ലിം ലീഗ് (രണ്ട് സീറ്റ്) തുടങ്ങിയ കക്ഷികളാണ് ഡിഎംകെ സഖ്യത്തിലുള്ളത്. എൻഡിഎ സഖ്യത്തിൽ എഐഎഡിഎംകെ 174 സീറ്റുകളിലും ബിജെപി 27 സീറ്റുകളിലും മത്സരിക്കുന്നു. തമിഴ്നാട് മുൻ ഗവർണർ, മുൻ കേന്ദ്രമന്ത്രിമാർ തുടങ്ങിയ പ്രമുഖരെയാണ് ബിജെപി ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത്.

വനിതാ സംവരണ ബില്ല്, മണ്ഡല പുനർനിർണ്ണയം തുടങ്ങിയ വിഷയങ്ങൾ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ സജീവമായി. ഇഡി, ഐടി റെയ്ഡുകളും രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി. തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ സെൽവപെരുന്തഗെയുടെ വീട്ടിൽ നടന്ന ഐടി റെയ്ഡ് രാഷ്ട്രീയ വേട്ടയാടലാണെന്ന് ഡിഎംകെ ആരോപിച്ചു. എഐഎഡിഎംകെ പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റുണ്ടായതും പ്രചാരണത്തിനിടെ വലിയ ചർച്ചയായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്‌നാഥ് സിംഗ് തുടങ്ങിയ ബിജെപി നേതാക്കൾ പ്രചാരണത്തിന് നേതൃത്വം നൽകിയപ്പോൾ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ഡിഎംകെ സഖ്യത്തിനായി പ്രചാരണത്തിനെത്തി. ഉദയനിധി സ്റ്റാലിന്റെ 'സ്റ്റാർ ക്യാമ്പെയ്നർ' രീതിയിലുള്ള പ്രചാരണവും വിജയിന്റെ റോഡ് ഷോകളും തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടാക്കിയത്. പരസ്യപ്രചാരണം അവസാനിക്കുന്നതോടെ നാളെ നിശബ്ദ പ്രചാരണത്തിലേക്ക് സംസ്ഥാനം കടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories