ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ ബോർഡ് അംഗം എ. അജികുമാർ എന്നിവരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ഒരു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.
പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായാണ് എസ്.ഐ.ടി കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതോടെ ഇന്ന് വൈകീട്ട് ഇരുവരെയും വീണ്ടും കോടതിയിൽ ഹാജരാക്കും.
2019-ലെ സ്വർണ്ണക്കവർച്ച മറച്ചുവെക്കുന്നതിനായി 2025-ൽ ശബരിമലയിലെ സ്വർണ്ണപ്പാളികൾ ചെന്നൈയിലേക്ക് കടത്തിയെന്ന കേസിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അന്ന് പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്ത് ഉൾപ്പെടെയുള്ള ഭരണസമിതിക്ക് കൃത്യമായ പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അതേസമയം, തങ്ങൾക്കെതിരായ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രശാന്തിന്റെ വാദം. കേസിൽ കൂടുതൽ പേരുടെ അറസ്റ്റിന് സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.