മുഖ്യമന്ത്രിയുടെ പേര് ഉപയോഗിച്ച് വ്യാജ ഇൻഷുറൻസ് പദ്ധതിയുടെ മറവിൽ സൈബർ തട്ടിപ്പ്. 'ധൻ ധൻ യോജന' എന്ന പേരിൽ വ്യാജ ഇൻഷുറൻസ് ക്ലെയിം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ ആലുവ റൂറൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പറവൂർ സ്വദേശിയായ ഡെയ്ൻ ഫ്രാൻസിസാണ് തട്ടിപ്പിനിരയായത്. ഇൻസ്റ്റഗ്രാമിൽ പ്രചരിച്ച പരസ്യം കണ്ട് വിശ്വസിച്ചാണ് യുവാവ് തട്ടിപ്പുകാരുമായി ബന്ധപ്പെട്ടത്. പദ്ധതി വഴി 5,000 രൂപ ഇൻഷുറൻസ് ക്ലെയിം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് 2,499 രൂപ സംഘം കൈക്കലാക്കുകയായിരുന്നു.
പണം നഷ്ടപ്പെട്ടതോടെ തട്ടിപ്പ് മനസ്സിലാക്കിയ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് ആലുവ റൂറൽ സൈബർ പൊലീസ് അറിയിച്ചു. വ്യാജ പരസ്യങ്ങളിലും വാഗ്ദാനങ്ങളിലും വഞ്ചിക്കപ്പെടരുതെന്ന് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.