വാഹനങ്ങളിൽ വരുത്തുന്ന രൂപമാറ്റങ്ങൾ (മോഡിഫിക്കേഷൻ), പെഴ്‌സണലൈസേഷൻ എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെയും വാഹനപ്രേമികളുടെയും അഭിപ്രായം തേടി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് (MVD). ഇതിനായി വകുപ്പ് പ്രത്യേക ഓൺലൈൻ സർവേ ആരംഭിച്ചു. ഗൂഗിൾ ഫോം വഴിയാണ് സർവേ സംഘടിപ്പിക്കുന്നത്.
വാഹനങ്ങളുടെ രൂപത്തിലും സാങ്കേതിക സംവിധാനങ്ങളിലും വരുത്തുന്ന മാറ്റങ്ങൾ സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളും പൊതുജനങ്ങളുടെ ആവശ്യങ്ങളും സമഗ്രമായി വിലയിരുത്തി വ്യക്തമായ ഒരു നയരേഖ (Policy Document) രൂപീകരിക്കുകയാണ് സർവേയിലൂടെ ലക്ഷ്യമിടുന്നത്.
റോഡ് സുരക്ഷ, യാത്രക്കാരുടെ സുരക്ഷ, കർശനമായ പരിസ്ഥിതി മാനദണ്ഡങ്ങൾ എന്നിവയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ, കേന്ദ്ര-സംസ്ഥാന നിയമങ്ങൾക്ക് വിധേയമായി ഏതൊക്കെ തരത്തിലുള്ള മോഡിഫിക്കേഷനുകൾ അനുവദിക്കാം എന്ന കാര്യം സർക്കാരും വകുപ്പും പരിഗണിക്കും. തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വണ്ടപ്രാന്തന്മാർക്കും പൊതുജനങ്ങൾക്കും സർവേയിലൂടെ രേഖപ്പെടുത്താം.