CJP ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൻ ജനശ്രദ്ധ നേടി 'E20 ജനത പാർട്ടി'. ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പാർട്ടി പേജിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം നാല് ലക്ഷം പിന്നിട്ടു.
ഇന്ധനത്തിൽ 20 ശതമാനം എഥനോൾ കലർത്തുന്ന (E20) കേന്ദ്രസർക്കാർ നയത്തിനെതിരെയും, കുറഞ്ഞ വിലയ്ക്ക് 100% ശുദ്ധമായ ഇന്ധനം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഈ കൂട്ടായ്മ രംഗത്തെത്തിയിരിക്കുന്നത്. എഥനോൾ കലർത്തിയ ഇന്ധനം വാഹനങ്ങളുടെ എഞ്ചിനുകൾക്ക് കേടുപാടുകൾ വരുത്തുന്നുണ്ടെന്നും, ഇത്തരത്തിലുള്ള ഇന്ധനത്തിന് വിലക്കുറവ് നൽകുന്നില്ലെന്നുമാണ് E20 ജനത പാർട്ടി ആരോപിക്കുന്നത്.
കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജിവയ്ക്കണമെന്നതാണ് പാർട്ടിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. സോഷ്യൽ മീഡിയ പേജുകളിൽ കൂടുതലായും മന്ത്രി നിതിൻ
ഗഡ്കരിക്കെതിരെയുള്ള വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടക്കുന്ന യോഗത്തിൽ ടാക്സി ഡ്രൈവർമാരും വിദഗ്ദ്ധരും പങ്കെടുക്കുന്ന ചർച്ച സംഘടിപ്പിക്കാനും, രാജ്യവ്യാപകമായി ഓൺലൈൻ ക്യാമ്പയിൻ ശക്തമാക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.