കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷുംും കേസിലെ മറ്റൊരു പ്രതിയായ പി.എസ്. സരിത്തും വിവാഹിതരായി. സ്വപ്‌ന തന്നെയാണ് വിവാഹ വാർത്ത സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. മരട് മുനിസിപ്പാലിറ്റിയിലെ തിരുനെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിലായിരുന്നു വിവാഹം.ഇരുവരും ചൊവ്വാഴ്ച തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിനോടുചേർന്നുള്ള കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിലെത്തി വിവാഹം നടന്നതിന്റെ രേഖ ൈകപ്പറ്റി. മരട് മുനിസിപ്പാലിറ്റിയിൽ വിവാഹ രജിസ്ട്രേഷന് അപേക്ഷയും നൽകി. തൃപ്പൂണിത്തുറയ്ക്ക് സമീപമാണ് ഇപ്പോൾ ഇവർ താമസിക്കുന്നത്.
തിരുവനന്തപുരം തൈക്കാട് സ്വദേശിയായ സ്വപ്നയും തിരുവല്ലം സ്വദേശി സരിത്തും കുറച്ചുനാളായി ഒരുമിച്ച് കൊച്ചിയിലാണ് താമസം. സ്വപ്നയുടെ മൂന്നാമത്തെ വിവാഹവും സരിത്തിന്റെ രണ്ടാമത്തെ വിവാഹവുമാണിത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തിരുന്നത്.
‘ഞങ്ങളുടെ കുട്ടികൾക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് ഒരു ജീവിതം പടുത്തുയർത്താനുമാണ് ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഞാൻ ഒരു സുമംഗലിയായി മരിക്കുന്നത് വരെ ഈ കെട്ട് ഒപ്പമുണ്ടാകാൻ പ്രാർഥിക്കണം,’ എന്നുമാത്രമാണ് സ്വപ്‌ന ചിത്രങ്ങൾക്കൊപ്പം കുറിച്ചിരുന്നത്. 2000-ൽ പ്ലസ് ടുവിന് പഠിക്കുമ്പോഴായിരുന്നു സ്വപ്നയുടെ ആദ്യവിവാഹം. അന്ന് കൃഷ്ണകുമാറിനെയാണ് സ്വപ്ന വിവാഹം ചെയ്തത്. 2008-ൽ ഈ ബന്ധം വേർപിരിഞ്ഞു. തുടർന്ന് 2011-ൽ ജയശങ്കറിനെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധവും പിന്നീട് അവസാനിക്കുകയായിരുന്നു. തന്റെ പുതിയ ജീവിതത്തിനായി ഏവരുടെയും പ്രാർഥനയും ആശീർവാദവും വേണമെന്ന് സ്വപ്ന സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നു.