തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി നിയന്ത്രണം അര മണിക്കൂർ കൂടി നീട്ടി. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാവുക!
കഴിഞ്ഞ ദിവസങ്ങളിൽ 6.45 മുതൽ 12.45 വരെ ആയിരുന്നു നിയന്ത്രണം.മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 900 മുതൽ 1000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നു കെഎസ്ഇബി പറയുന്നു. അതേ സമയം ഏതു സമയത്താണ് നിയന്ത്രണം എന്ന സന്ദേശം മൊബൈലിൽ ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങി. പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ അടിയന്തര യോഗം വിളിച്ചു. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെഎസ്ഇബി സിഎംഡി എം.ജി.രാജമാണിക്യം തുടങ്ങിയവർ പങ്കെടുത്തു. അടിയന്തരമായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രശ്‌നം പരിഹരിക്കാനുള്ള നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.
എത്ര പണം നൽകിയാണെങ്കിലും പുറത്തുനിന്ന് ആവശ്യത്തിനു വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. എന്നാൽ രാജ്യത്താകെയുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വൈദ്യുതി ലഭ്യത കുറഞ്ഞതാണ് കടുത്ത വെല്ലുവിളി. കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി യോഗത്തിലും വൈദ്യുതി നിയന്ത്രണത്തിന് എതിരെ അംഗങ്ങൾ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെട്ടത്.