ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് ബുക്കിങ്ങുമായി ഇന്ത്യൻ റെയിൽവേ. പി.ആർ.എസിലെ പ്രതിദിന ബുക്കിങ് 22 ലക്ഷം കടന്നു. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് വികസിപ്പിച്ചെടുത്ത പി.ആർ.എസ് ആണ് കഴിഞ്ഞ നാൽപ്പത് വർഷത്തോളമായി റെയിൽവേ റിസർവേഷന്‍റെ പ്രധാന അടിത്തറ. 1986ൽ അവതരിപ്പിച്ച ഈ സംവിധാനം അന്നത്തെ മാനുവൽ റിസർവേഷൻ രീതിക്ക് പകരമായാണ് വന്നത്. പിന്നീട് ഇത് ഓൺലൈൻ, മൊബൈൽ ടിക്കറ്റ് ബുക്കിങ്ങുകളെ പിന്തുണയ്ക്കുന്ന രീതിയിലേക്ക് വളർന്നു.
സി.ആർ.ഐ..എസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സെപ്റ്റംബർ 7ന് പി.ആർ.എസിൽ ആകെ 22,26,786 ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ടു. മുൻപത്തെ റെക്കോർഡിനേക്കാൾ ഏകദേശം 9 ശതമാനം കൂടുതലാണിത്. 2025 ഓഗസ്റ്റ് 19ന് രേഖപ്പെടുത്തിയ 20,45,272 ടിക്കറ്റുകളായിരുന്നു ഇതിനുമുമ്പത്തെ ഉയർന്ന പ്രതിദിന ബുക്കിങ്.