കൊടുങ്ങല്ലൂർ: ജോർജിയയിൽ റേഡിയോഗ്രാഫർ ജോലി വാഗ്ദാനം ചെയ്ത് 22.46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി റിമാന്റിൽ. കോട്ടയം ഈരാറ്റുപേട്ട സ്വദേശി തോണ്ടുപറമ്പിൽ വീട്ടിൽ മുഹമ്മദ് ആസിഫ് (24) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂർ എടവിലങ്ങ് പൊടിയൻ ബസാർ സ്വദേശി എരാശ്ശേരി വീട്ടിൽ അശ്വിൻ കൃഷ്ണയിൽ നിന്നാണ് പണം തട്ടിയെടുത്തതെന്നാണ് കേസ്.
പ്രതി സിംഗപ്പൂരിൽ നിന്നും തിരുവനന്തപുരം എയർപ്പോർട്ടിൽ വന്നിറങ്ങിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.ഒരു വർഷത്തോളം വിവിധ സമയങ്ങളിലായി ബാങ്ക് അക്കൗണ്ട് മുഖേന 22,46,430/- രൂപ അയച്ച് വാങ്ങിയ ശേഷം വിസ ശരിയാക്കി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ പ്രതി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാന്റ് ചെയ്തു.മുഹമ്മദ് ആസിഫ് ചാവക്കാട് പോലീസ് സ്റ്റേഷനിലെ ഒരു തട്ടിപ്പ് കേസിലെ പ്രതിയാണ്.