കൊച്ചി: പറയാതെ പലതവണയുള്ള പവർകട്ടിൽ കുടുങ്ങി വൈദ്യുതി മന്ത്രി സണ്ണി ജോസഫും. കൊച്ചിയിൽ കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷൻ സമ്മേളനത്തിനിടെയാണ് സംഭവം. സണ്ണി ജോസഫ് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കറന്റ് പോവുകയായിരുന്നു.
വൈദ്യുതി വകുപ്പ് ഏറ്റെടുക്കുന്നത് മുൾക്കിരീടം അണിയുന്നത് പോലെയാണെന്ന് എ കെ ആന്റണി തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്ന കാര്യം പറയുകയും അത് പൂക്കിരീടമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കറന്റ് പോയത്. ഇതോടെ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ച് മന്ത്രി മടങ്ങുകയായിരുന്നു.
വേദി വിട്ടിറങ്ങിയ മന്ത്രിക്കു നേരെ വിഷയം രാഷ്ട്രീയ ആയുധമാക്കി മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ, നർമ്മം കലർന്ന മറുപടിയാണ് സണ്ണി ജോസഫ് നൽകിയത്. "താൻ എപ്പോഴാണ് പ്രസംഗം അവസാനിപ്പിക്കേണ്ടതെന്ന് കെഎസ്ഇബിയിലെ ഉദ്യോഗസ്ഥർക്ക് കൃത്യമായി അറിയാം," എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഹാളിലുണ്ടായ വൈദ്യുതി തടസ്സം സംസ്ഥാനത്ത് നടക്കുന്ന വൈദ്യുതി നിയന്ത്രണത്തിന്റെയോ ലോഡ്ഷെഡ്ഡിങ്ങിന്റെയോ ഭാഗമല്ലെന്നും സാങ്കേതിക തകരാർ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.