ന്യൂഡൽഹി: എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ സ്വദേശിയായ എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ സണ്ണി അസൽദേകറിനെയാണ് വസന്ത് കുഞ്ചിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ദി ഗ്രാൻഡിലാണ് സംഭവം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
സെപ്റ്റംബർ 10-നാണ് സണ്ണി അസൽദേകർ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ തൊട്ടടുത്ത ദിവസം ഫോൺ വിളിച്ചിട്ട് ലഭിക്കാതായതോടെ സഹോദരൻ ഹോട്ടൽ മാനേജരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഹോട്ടൽ മാനേജർ പോയി നോക്കിയപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് സണ്ണിയെ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.