Share this Article
15 വയസുള്ള കുട്ടിക്ക് 28 സിക്‌സൊന്നും അടിക്കാനാകില്ല, അവന് 21 വയസെങ്കിലുമുണ്ട്', വൈഭവിനെതിരെ പാക് താരത്തിന്റെ ആരോപണം
വെബ് ടീം
2 hours 51 Minutes Ago
1 min read
vaibhav

ദുബായ്:  റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പ് ടൂർണമെന്റിൽ യുഎഇക്കെതിരെ സിക്സറുകളുടെ പൂരം തീർത്ത്  ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശി ഡബിൾ സെഞ്ച്വറി നേടി റെക്കോഡിട്ടിരുന്നു. സെഞ്ച്വറിയിലും ഡബിൾ സെഞ്ച്വറിയിലും മത്സരത്തിൽ അടിച്ചുപറത്തിയ സിക്‌സറുകളുടെ എണ്ണത്തിലും 15കാരനായ വൈഭവ് വൈഭവം പുറത്തെടുത്തതോടെ റെക്കോർഡുകളുടെ പ്രളയമായിരുന്നു. 53 പന്തിൽ 204 റൺസാണ് താരം നേടിയത്.

നിരവധി പ്രമുഖരടക്കം കൗമാരതാരത്തിന്റെ പ്രകടനത്തെ പുകഴ്‌ത്തി. എന്നാൽ ഇതിനിടെ വൈഭവിന് 15 വയസല്ലെന്നും താരത്തിന്റെ പ്രായം പരിശോധിക്കണമെന്നുമാണ് പാകിസ്ഥാൻ മുൻ പേസർ തൻവീർ അഹമ്മദ് അഭിപ്രായപ്പെടുന്നത്.തന്റെ യൂട്യൂബ് ചാനലിലെ ചർച്ചയ്‌ക്കിടെയാണ് തൻവീർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

'വൈഭവിന് 15 വയസല്ല പ്രായം. അവന് കുറഞ്ഞത് 20-21 വയസ് പ്രായമുണ്ട്. അവനെത്ര കഴിവുണ്ടെന്ന് പറഞ്ഞാലും 15 വയസുള്ള കുട്ടിക്ക് 28 സിക്‌സുകളൊന്നും അടിക്കാനാകില്ല. 15 വയസുകാരന് അത്രയ്‌ക്കൊന്നും കരുത്തുണ്ടാകില്ല. അയാളുടെ തോളിന് അത്ര ശക്തിയൊന്നും ഉണ്ടാകില്ല.വൈഭവിന് 15 വയസെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല.'- തൻവീർ വാദിക്കുന്നു. ചർച്ചയിൽ ആരെങ്കിലും വൈഭവിന്റെ പ്രായം പരിശോധിക്കണം എന്ന് പറയുമ്പോഴെല്ലാം തൻവീർ 'തീർച്ചയായും വേണം' എന്നും വാദിക്കുന്നുണ്ടായിരുന്നു.പാകിസ്ഥാന് വേണ്ടി അഞ്ച് ടെസ്റ്റ് മത്സരങ്ങളും രണ്ട് ഏകദിന മത്സരങ്ങളും കളിച്ചിട്ടുള്ളയാളാണ് തൻവീർ അഹമ്മദ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories