Share this Article
News Malayalam 24x7
അതിർത്തിയിലെ ശാന്തിയും സമാധാനവും ഇന്ത്യ-ചൈന ബന്ധത്തിന് പ്രധാനമാണെന്ന് മോദി ഷി ജിൻപിങ്ങിനോട്; ഡോളറിനു പകരം പ്രാദേശിക കറൻസികൾ, ഗാസയിൽ മാനുഷിക സഹായം ഉറപ്പുവരുത്തണം’; സംയുക്ത പ്രസ്താവന അംഗീകരിച്ച് ബ്രിക്സ്
വെബ് ടീം
0 hours 16 Minutes Ago
1 min read
modi brics

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യ-ചൈന ചർച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ  ഉഭയകക്ഷി കൂടിക്കാഴ്ച നടന്നു.അതിർത്തിയിലെ  ശാന്തിയും സമാധാനവും  ഇന്ത്യ-ചൈന ബന്ധത്തിന് പ്രധാനമാണെന്ന്  മോദി ഷി ജിൻപിങ്ങിനോട് കൂടിക്കാഴ്ചയിൽ അറിയിച്ചതായാണ് റിപ്പോർട്ട്.  ഉച്ചകോടിയുടെ ഭാഗമായി ഏഴു വർഷങ്ങൾക്കുശേഷം ഷി വീണ്ടും ഇന്ത്യയിലെത്തുമ്പോൾ അത് കേവലം ഉന്നതതല നയതന്ത്ര സന്ദർശനം മാത്രമല്ല. ഇരുനേതാക്കളും അവസാനമായി ഇന്ത്യയിൽവെച്ച് കണ്ടുമുട്ടിയതിന് ശേഷം ഇന്ത്യ-ചൈന ബന്ധത്തിൽ എത്ര വലിയ മാറ്റങ്ങളാണ് സംഭവിച്ചത് എന്നതിന്റെ വ്യക്തമായ ചിത്രംകൂടിയാണ്.

നേരത്തെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങൾ സംയുക്ത പ്രസ്താവന അംഗീകരിച്ചു. ഭാരത് മണ്ഡപത്തിൽ നടന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എല്ലാ അംഗരാജ്യങ്ങളുടെയും പൂർണ സമ്മതത്തോടെ പ്രഖ്യാപന രേഖ ഔദ്യോഗികമായി പുറത്തുവിട്ടത്. യുഎൻ രക്ഷാ സമിതിയുടെ  ‘ഘടനപരമായ നവീകരണം’ ഉൾപ്പെടെയുള്ള ആഗോള ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെ പൊളിച്ചെഴുത്തിനു സംയുക്ത പ്രസ്താവനയിൽ ശക്തമായ ആഹ്വാനമുണ്ട്. രക്ഷാ സമിതിയിൽ കൂടുതൽ പങ്കുവഹിക്കാനുള്ള ഇന്ത്യയുടെയും ബ്രസീലിന്റെയും താൽപര്യങ്ങൾക്ക് രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും പിന്തുണ ആവർത്തിച്ചത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായി മാറി.രക്ഷാസമിതിയിൽ ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, കരീബിയൻ മേഖലകളിൽ നിന്നുള്ള വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നും സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു.

ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള ആഭ്യന്തര വ്യാപാരം ഇനി മുതൽ യുഎസ് ഡോളറിനു പകരമായി അതത് രാജ്യങ്ങളിലെ പ്രാദേശിക കറൻസികളിലേക്ക് മാറ്റാൻ പ്രോത്സാഹനം നൽകുമെന്നതാണ് സംയുക്ത പ്രസ്താവനയിലെ മറ്റൊരു തന്ത്രപരമായ നീക്കം. ഇത് ആഗോള വ്യാപാര രംഗത്ത് ഡോളറിന്റെ മേധാവിത്വം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

ഇതോടൊപ്പം ഭീകരവാദത്തെ കടുത്ത ഭാഷയിൽ അപലപിച്ച പ്രസ്താവന, ഏകപക്ഷീയമായ യുദ്ധങ്ങളെ തള്ളിക്കളയുകയും പശ്ചിമേഷ്യയിലെ സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വാണിജ്യ കപ്പൽ ഗതാഗതത്തിന്റെയും കടൽയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ അനിവാര്യതയും ഊന്നിപ്പറയുന്നു.‌ ഗാസയിൽ മാനുഷിക സഹായം ഉറപ്പുവരുത്തണമെന്നും പലസ്തീനിൽ ദ്വിരാഷ്ട്ര പരിഹാരം വേണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories