സി.ജെ.പി (CJP) വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി ടെലിവിഷൻ അവതാരകയും നടിയുമായ പേളി മാണി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് താരം വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.
തന്റെ വാക്കുകൾ ജനങ്ങളെ വേദനിപ്പിച്ചു എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് വ്യക്തത വരുത്താൻ രംഗത്തെത്തിയതെന്ന് പേളി പറഞ്ഞു. വിഷയത്തിൽ അഭിപ്രായം പറയാൻ തനിക്ക് മേൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ 'എല്ലാവരും വീട്ടിൽ പോവുക' എന്നല്ല താൻ ഉദ്ദേശിച്ചതെന്നും, അങ്ങനെ പറയാൻ താൻ ആരുമല്ലെന്നും താരം കൂട്ടിച്ചേർത്തു.
മുൻപ് പങ്കുവെച്ച പോസ്റ്റ് വലിയ വിമർശനങ്ങൾക്ക് വഴിതെളിക്കുകയും അഞ്ച് ലക്ഷത്തോളം ആളുകൾ പേളി മാണിയെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്യുകയും ചെയ്തിരുന്നു. താൻ എപ്പോഴും വിദ്യാർത്ഥികളുടെയും രാജ്യത്തിന്റെയും നന്മയ്ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും, തന്റെ വാക്കുകൾ മൂലം ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും പേളി വ്യക്തമാക്കി.