തിരുവനന്തപുരം : കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. കേന്ദ്രസർക്കാരിന്റെ ഇൻഷ്വറൻസിന്റെ പരിധി ഉയർത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും കേന്ദ്രം തത്വത്തിൽ അംഗീകരിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രികൾ കേന്ദ്രീകരിച്ച് ട്രോമ കെയർ സെന്റർ ആരംഭിക്കാനുള്ള സഹായം കേന്ദ്രമന്ത്രി ഉറപ്പ് നൽകി. ഇന്ത്യയിൽ ആദ്യമായി ജനറ്റിക് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ ആരംഭിക്കുന്നതിനുള്ള പ്രൊപോസൽ സമർപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ ആവശ്യപ്പെട്ടുവെന്നും കെ മുരളീധരൻ പറഞ്ഞു.
കെ.കരുണാകരൻ മെമ്മോറിയൽ ഗവ.മെഡിക്കൽ കോളജിൽ അടുത്ത അധ്യയന വർഷം 100 എം.ബി.ബി.എസ് സീറ്റിൽ പ്രവേശനം അനുവദിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിൽ കേന്ദ്രമന്ത്രി ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയത്. കോടികൾ മുടക്കി 10 വർഷം മുമ്പ് കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടും എം.ബി.ബി.എസ് പഠനം ആരംഭിക്കാൻ കഴിയാതെ പോയത് കുറ്റകരമായ അനാസ്ഥയാണ്. ഇതിനോടകം 1,100 കുട്ടികൾക്ക് ഇവിടെ എം.ബി.ബി.എസ് പഠനത്തിന് അവസരമൊരുങ്ങുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ മൂന്ന് മെന്റൽ ഹെൽത്ത് സെന്ററുകളുടെയും നിലവാരം ഉയർത്തുന്നതിന് ആവശ്യമായ സഹായം നൽകുമെന്നും പെൺകുട്ടികൾക്ക് എച്ച്.പി.വി വാക‍്‍സിൻ നൽകുന്നതിനും കേന്ദ്രസഹായം കേന്ദ്രമന്ത്രി നഡ്ഡ ഉറപ്പു നൽകി. എൻ.എച്ച്.എമ്മിനുള്ള ഫണ്ട് കേരളത്തിന് അപര്യാപ്തമാണെന്ന് കേന്ദ്രമന്ത്രിയെ ബോദ്ധ്യപ്പെടുത്തി. ഫണ്ട് കഴിയുന്ന മുറയ്ക്ക് പരിധി വർദ്ധിപ്പിക്കാമെന്ന് കേന്ദ്രമന്ത്രി വാഗ്ദാനം നൽകി.