ഹൈക്കോടതി ഉത്തരവ് മറികടന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സിലെ ഉദ്യോഗസ്ഥരെ മാറ്റാന്‍ നീക്കം. ദവസ്വം വിജിലന്‍സിലെ എസ്.ഐ , സി.പി.ഒ പോസ്റ്റുകളിലേക്ക് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനായി താല്പര്യമുള്ള പോലീസുകാരില്‍ നിന്ന് സംസ്ഥാന പോലീസ് മേധാവി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 15-നകമാണ് അപേക്ഷ നല്‍കണമെന്നാണ് അറിയിപ്പില്‍ പറയുന്നത്. നിലവിലെ ഉദ്യോഗസ്ഥരെ മണ്ഡലകാലം കഴിയുന്നത് വരെ മാറ്റരുത് എന്ന ഹൈക്കോടതി നിര്‍ദ്ദേശം നിലനില്‍ക്കെയാണ് പുതിയ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. നിലവില്‍ എസ്.പി ഉള്‍പ്പെടെയുള്ള സംഘത്തില്‍ ഒഴിവുള്ള പോസ്റ്റുകള്‍ക്ക് പുറമെ, പ്രവര്‍ത്തിക്കുന്നവരെ കൂടി മാറ്റാനാണ് നീക്കം. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണക്കവര്‍ച്ച, നെയ്യ് കൊള്ള തുടങ്ങിയ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന വിജിലന്‍സ് സംഘത്തിലുള്ളവരെയാണ് മാറ്റാന്‍ ശ്രമിക്കുന്നത്.