കേരളത്തിൽ കൊടും ചൂട് തുടരുന്ന സാഹചര്യത്തിൽ വയനാട്, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളിൽ വെള്ളിയാഴ്ച വരെ കാലാവസ്ഥാ വകുപ്പിന്റെ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസിലെത്തി. കനത്ത ചൂട് കണക്കിലെടുത്ത് അങ്കണവാടികളിൽ കുട്ടികളെ അയക്കുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് തീരുമാനമെടുക്കാമെന്ന് പാലക്കാട് ജില്ലാ കളക്ടർ എസ്. മണികണ്ഠൻ അറിയിച്ചു. മാറ്റിവെക്കാൻ സാധിക്കാത്ത പരീക്ഷകൾ ഉണ്ടെങ്കിൽ ചൂടിനെ പ്രതിരോധിക്കാനുള്ള സൗകര്യങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.
കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരത്ത് 36 ഡിഗ്രി വരെ ചൂട് ഉയരാം. അതേസമയം, തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ വേനൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പുഴകളിലും ജലാശയങ്ങളിലും കുളിക്കാൻ പോകുന്നവരും കുട്ടികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു. തൃശ്ശൂർ കൊടാലിയിൽ പാമ്പ് കടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ച സംഭവത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലത്തെ ഉപഭോഗം 106.35 ദശലക്ഷം യൂണിറ്റാണ്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5600 മെഗാവാട്ടായി ഉയർന്നു. വേനൽ മഴ ലഭിച്ചാൽ നിലവിലെ പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.