Share this Article
News Malayalam 24x7
രാമനാഥപുരത്ത് വോട്ടിന് പണം; 3 AIADMK പ്രവർത്തകർ അറസ്റ്റിൽ
AIADMK Workers Arrested for Distributing Cash to Voters; Case Against Candidate

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ, വോട്ടർമാർക്ക് പണം നൽകാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് എഐഎഡിഎംകെ (AIADMK) പ്രവർത്തകർ അറസ്റ്റിലായി. രാമനാഥപുരത്ത് വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലയിംഗ് സ്ക്വാഡാണ് ഇവരെ പിടികൂടിയത്. വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്യുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു സ്ക്വാഡിന്റെ മിന്നൽ പരിശോധന.

സമാനമായ മറ്റൊരു സംഭവത്തിൽ, തെൻകാശിയിലെ ആലങ്കുളം മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാർത്ഥി കെ.ആർ.പി പ്രഭാകരനെതിരെയും പോലീസ് കേസെടുത്തു. വോട്ടർമാർക്ക് നൽകാനായി പണം എത്തിച്ചെന്ന പരാതിയിലാണ് നടപടി. സ്ഥാനാർത്ഥിക്കൊപ്പം ഏതാനും പാർട്ടി പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ തമിഴ്‌നാട്ടിൽ ഉടനീളം കമ്മീഷൻ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇതുവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1212.74 കോടി രൂപയുടെ പണവും മറ്റ് ഉപഹാരങ്ങളും പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും കമ്മീഷൻ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories