Share this Article
News Malayalam 24x7
തൃശൂർ സിപിഐയിൽ പൊട്ടിത്തെറി
MLA C.C. Mukundan Alleges 'Payment Seat' Controversy in Nattika Constituency

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ തൃശ്ശൂർ സിപിഐയിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി വൻ പൊട്ടിത്തെറി. നാട്ടിക മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നിലവിലെ എം.എൽ.എ സി.സി. മുകുന്ദൻ പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതരമായ "പെയ്‌മെന്റ് സീറ്റ്" ആരോപണവുമായി രംഗത്തെത്തി. സി.സി. മുകുന്ദനെ മാറ്റി മുൻ എം.എൽ.എ ഗീത ഗോപിയെ വീണ്ടും മത്സരിപ്പിക്കാനുള്ള പാർട്ടി തീരുമാനമാണ് പരസ്യമായ പോരിലേക്ക് വഴിമാറിയത്.

തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നിൽ സാമ്പത്തിക താൽപ്പര്യങ്ങളുണ്ടെന്നാണ് സി.സി. മുകുന്ദന്റെ ആരോപണം. പാർട്ടിക്ക് പണം പിരിച്ചു നൽകാൻ ഗീത ഗോപിക്ക് പ്രത്യേക കഴിവുണ്ടെന്നും, എന്നാൽ മുൻപ് എം.എൽ.എ ആയിരുന്നപ്പോൾ അവർ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്നും മുകുന്ദൻ തുറന്നടിച്ചു. ഇത്തരം ഒരാളെ വീണ്ടും ജനപ്രതിനിധിയായി കെട്ടിയിറക്കുന്നത് ശരിയല്ല. പാർട്ടി ഔദ്യോഗികമായി സീറ്റ് നൽകിയില്ലെങ്കിലും നാട്ടികയിൽ താൻ മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം.


സി.സി. മുകുന്ദന്റെ ആരോപണങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. എന്നാൽ ആരോപണങ്ങൾക്ക് വ്യക്തിപരമായി മറുപടി നൽകാനില്ലെന്നും പാർട്ടി തന്നെ ഇതിന് മറുപടി നൽകുമെന്നും ഗീത ഗോപി പ്രതികരിച്ചു. ഇപ്പോൾ പാർട്ടി ഏൽപ്പിച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി.


തൃശ്ശൂരിലെ സിപിഐ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ ഈ അപ്രതീക്ഷിത വിഭാഗീയത ഇടത് മുന്നണിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. മണ്ഡലത്തിൽ സി.സി. മുകുന്ദൻ സ്വതന്ത്രനായി മത്സരിച്ചാൽ അത് തിരഞ്ഞെടുപ്പ് ഫലത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിലാണ് സിപിഐ ജില്ലാ നേതൃത്വം. പ്രശ്നം പരിഹരിക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ടേക്കും.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article