2016 മുതൽ 2022 വരെയുള്ള ഏഴ് വർഷങ്ങളിലെ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങളായ സൂര്യ, ആര്യ, വിക്രം പ്രഭു, കാർത്തിക്, വിജയ് സേതുപതി, ധനുഷ് എന്നിവർ മികച്ച നടൻമാർക്കുള്ള പുരസ്‌കാരങ്ങൾ നേടി.
പുരസ്‌കാരങ്ങൾ നേടിയ നടിമാരിൽ ഭൂരിഭാഗവും മലയാളികളാണെന്നത് ശ്രദ്ധേയമാണ്. കീർത്തി സുരേഷ്, നയൻതാര, ജ്യോതിക, മഞ്ജു വാര്യർ, അപർണ ബാലമുരളി, ലിജോമോൾ ജോസ്, സായ് പല്ലവി എന്നിവർക്കാണ് വിവിധ വർഷങ്ങളിലെ മികച്ച നടിമാർക്കുള്ള പുരസ്‌കാരം ലഭിച്ചത്.
മാനാഗരം, അറം, പെരിയേറും പെരുമാൾ, അസുരൻ, ജയ് ഭീം, കർണ്ണൻ തുടങ്ങിയ സിനിമകൾക്ക് മികച്ച ചിത്രങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ ലഭിച്ചു. ലോകേഷ് കനകരാജ്, പുഷ്‌കർ-ഗായത്രി, മാരി സെൽവരാജ്, സുധ കൊങ്കര, ടി. ജെ. ജ്ഞാനവേൽ, ഗൗതം രാമചന്ദ്രൻ എന്നിവർ മികച്ച സംവിധായകരായി തിരഞ്ഞെടുക്കപ്പെട്ടു.
ഫെബ്രുവരി 13-ന് ചെന്നൈയിലെ കലൈവാണാർ അരങ്കിൽ നടക്കുന്ന ചടങ്ങിൽ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പുരസ്‌കാരത്തുക ഇങ്ങനെയാണ്: മികച്ച സിനിമയ്ക്ക് 2 ലക്ഷം രൂപയും രണ്ടാമത്തെ മികച്ച സിനിമയ്ക്ക് 1 ലക്ഷം രൂപയും ലഭിക്കും. മികച്ച നടിമാർക്ക് ഒരു പവൻ വീതം സ്വർണ്ണ മെഡലും പുരസ്‌കാരമായി സമ്മാനിക്കും.