കശുവണ്ടി വികസന കോർപ്പറേഷനിലെ കോടികളുടെ തോട്ടണ്ടി ഇറക്കുമതി അഴിമതി കേസിൽ പ്രതികളായ മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് അനുമതി നൽകിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിക്കും. ആറ് വർഷത്തോളം നീണ്ട തർക്കങ്ങൾക്കും കാത്തിരിപ്പിനുമൊടുവിലാണ് സി.ബി.ഐയുടെ ആവശ്യത്തിന് സംസ്ഥാന സർക്കാർ ഒടുവിൽ അനുമതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരുകളുടെ കാലത്ത് മൂന്ന് തവണ സി.ബി.ഐ പ്രോസിക്യൂഷൻ അനുമതിക്കായി അപേക്ഷ നൽകിയിരുന്നെങ്കിലും വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ ഫയൽ മടക്കുകയായിരുന്നു. എന്നാൽ, വിചാരണ വൈകുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും വ്യവസായ വകുപ്പ് സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തുകയും ചെയ്തതോടെയാണ് അടിയന്തരമായി അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചത്. മുൻപ് കോടതിയിൽ ഹാജരായ വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഫയൽ വൈകിയതിൽ കോടതിയിൽ മാപ്പപേക്ഷിച്ചിരുന്നു.
2006 മുതൽ 2015 വരെയുള്ള കാലയളവിൽ വിദേശത്തുനിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്തതിൽ ഏകദേശം 80 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് സി.ബി.ഐയുടെ കണ്ടെത്തൽ. നിലവിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് കൂടിയായ ആർ. ചന്ദ്രശേഖരൻ കോർപ്പറേഷൻ ചെയർമാനായിരുന്ന കാലത്താണ് ഈ തട്ടിപ്പ് നടന്നത്. അക്കാലത്തെ എം.ഡിയായിരുന്ന കെ.എ. രതീഷും കേസിൽ പ്രധാന പ്രതിയാണ്. കോർപ്പറേഷന്റെ തനത് ഫണ്ട് ദുരുപയോഗം ചെയ്താണ് പ്രതികൾ ക്രമക്കേട് നടത്തിയതെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പൊതുപ്രവർത്തകനായ കടകംപള്ളി മനോജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യം വിജിലൻസ് ആണ് കേസിൽ അന്വേഷണം ആരംഭിച്ചത്. എന്നാൽ വിദേശത്തുനിന്നുള്ള ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതിയായതിനാൽ വിജിലൻസിന്റെ അന്വേഷണ പരിധിയിൽ നിൽക്കില്ലെന്ന് കണ്ട് കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. തുടർന്ന് സി.ബി.ഐ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും സർക്കാർ ഉദ്യോഗസ്ഥരെയും പദവി വഹിച്ചിരുന്നവരെയും വിചാരണ ചെയ്യാൻ ആവശ്യമായ പ്രോസിക്യൂഷൻ അനുമതി സംസ്ഥാന സർക്കാർ നൽകാത്തതിനാൽ വിചാരണ നടപടികൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.നിലവിൽ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയതോടെ പ്രതികൾക്കെതിരെയുള്ള വിചാരണ നടപടികൾ ഉടൻ തന്നെ ആരംഭിക്കാൻ സി.ബി.ഐക്ക് സാധിക്കും.