അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ കോടികളുടെ സംഭാവന തട്ടിപ്പ് കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) കാലാവധി ഉത്തർപ്രദേശ് സർക്കാർ 15 ദിവസം കൂടി നീട്ടി നൽകി. ജൂലൈ 15 വരെയാണ് അന്വേഷണ കാലാവധി നീട്ടിയിരിക്കുന്നത്. ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകൾ കൂടുതൽ വിശദമായി അന്വേഷിക്കുന്നതിനും ബാങ്ക് രേഖകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നതിനുമായാണ് സമയം നീട്ടി നൽകിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കേസിലെ മുഖ്യപ്രതികളിലൊരാളായ അവിനാഷ് ശുക്ലയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ "രാമരാജ്യ കോശ്" എന്ന് എഴുതിയ തടികൊണ്ടുള്ള സംഭാവന പെട്ടിയും ഡിജിറ്റൽ ഇടപാടുകൾക്കായുള്ള വ്യാജ ക്യുആർ കോഡും പോലീസ് കണ്ടെടുത്തു. ഭക്തരിൽ നിന്നും ഈ ക്യുആർ കോഡ് വഴി വ്യാജ അക്കൗണ്ടുകളിലേക്ക് പണം തട്ടിയെടുത്തിട്ടുണ്ടോ എന്ന കാര്യത്തിൽ ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണ്. വിദേശ തീർഥാടകർ വഴിപാടായി നൽകിയ ഡോളർ അടക്കമുള്ള കറൻസികളും പ്രതികളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. നിലവിൽ കേസിൽ എട്ട് പ്രതികളെയാണ് എസ്.ഐ.ടി അറസ്റ്റ് ചെയ്തിരിക്കുന്നത്.
ശേഖരിക്കുന്ന പണം കൃത്യമായി എണ്ണുന്ന വിഭാഗത്തിൽ ജോലി ചെയ്തിരുന്നവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് എസ്.ഐ.ടി വ്യക്തമാക്കുന്നത്. ക്ഷേത്രത്തിലെ സി.സി.ടി.വി ക്യാമറകളുടെ സ്ഥാനം കൃത്യമായി അറിയാവുന്ന പ്രതികൾ, ക്യാമറകളുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ ഒന്നിന് പുറകെ ഒന്നായി മനുഷ്യച്ചങ്ങല തീർത്താണ് പണം മോഷ്ടിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിൽ മോഷ്ടിക്കുന്ന പണം ആദ്യം ക്ഷേത്രത്തിലെ ശുചിമുറിയിൽ ഒളിപ്പിക്കുകയും പിന്നീട് സുരക്ഷാ പരിശോധനകൾ ഇല്ലാത്ത വഴിയിലൂടെ പുറത്തെത്തിച്ച് കാറുകളിലേക്ക് മാറ്റുകയുമായിരുന്നു ഇവരുടെ രീതി.
സംഭാവന തട്ടിപ്പ് വിവാദം കൊഴുത്തതോടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി ഡോ. അനിൽ മിശ്ര എന്നിവർ രാജിവെച്ചിരുന്നു. ക്ഷേത്രത്തിലെ ജീവനക്കാരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട് അനിൽ മിശ്ര കമ്മീഷൻ വാങ്ങിയെന്ന ആരോപണങ്ങളും ഇതിനോടകം ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ അനിൽ മിശ്ര ഉൾപ്പെടെയുള്ള ട്രസ്റ്റ് ഭാരവാഹികളെ എസ്.ഐ.ടി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.
തട്ടിപ്പുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിഷേധമാണ് ഉത്തർപ്രദേശിൽ ഉയരുന്നത്. കേസിൽ സുതാര്യമായ അന്വേഷണം വേണമെന്ന് സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്[ പ്രതികൾ തട്ടിയെടുത്ത പണം വലിയ തോതിൽ ഭൂമി ഇടപാടുകൾക്കായി ഉപയോഗിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.