Share this Article
News Malayalam 24x7
'അമ്മ ആരാണെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നത്; കേരള വിസി വീണ്ടും ആര്‍എസ്എസ് വേദിയില്‍
വെബ് ടീം
posted on 15-08-2026
1 min read
vc

തിരുവനന്തപുരം: ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. തിരുവനന്തപുരം മണിവിളയില്‍ സംഘടിപ്പിച്ച 'സങ്കല്‍പ് 2026 യുവസംഗമ'ത്തിലാണ് ഇത്തവണ വിസി എത്തിയത്. പരിപാടി ഉദ്ഘാടനം ചെയ്ത വിസി, വേദിയിലെ ഭാരതാംബ ചിത്രത്തിന് മുന്നില്‍ ദീപം തെളിയിച്ചാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.

വന്ദേമാതരം ആലപിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിസി പ്രതികരിച്ചത്. 'അമ്മ ആരാണെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നത്. ഭാരതം നമ്മുടെ അമ്മയായതുകൊണ്ടാണ് നാം വന്ദേമാതരം എന്ന് പാടുന്നത്. അമ്മ എന്താണെന്ന് അറിയുന്നവര്‍ എപ്പോഴും വന്ദേമാതരം എന്ന് പറയും' -അദ്ദേഹം വ്യക്തമാക്കി.രാജ്യം കൈവരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് സംസാരിച്ച വിസി, ലോകത്തിലെ 60 ശതമാനം മരുന്നുകളും ഇന്ത്യയിലാണ് നിര്‍മിക്കുന്നതെന്നും, വിദേശരാജ്യങ്ങള്‍ക്കും ഇന്ത്യയുടെ മരുന്നുകളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്നും ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച അദ്ദേഹം, നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ കേരള സര്‍വകലാശാലയില്‍ വിജയകരമായി നടപ്പിലാക്കിയ കാര്യവും എടുത്തുപറഞ്ഞു.വികസിത ഭാരതമെന്ന സ്വപ്നത്തിലേക്ക് രാജ്യം മുന്നേറുകയാണെന്നും, ഈ മാറ്റം നമ്മുടെ നാട്ടിലും ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പിഎസ്സി പരീക്ഷാ വിജയത്തിനും ജോലിക്കുമായി പഠനത്തിനപ്പുറം മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്നും, പിന്നിട്ട നല്ല കാലത്തേക്ക് രാജ്യം തിരിച്ചുപോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ വിവിധ മത്സര വിജയികളായ വിദ്യാര്‍ഥികളെ ആദരിക്കുകയും, 150ഓളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് വന്ദേമാതരം ആലപിക്കുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories