സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം പാദവാർഷിക (ഓണം) പരീക്ഷാ ടൈംടേബിളിൽ മാറ്റം വരുത്തി. ഓഗസ്റ്റ് 21-ാം തീയതി നടക്കാനിരുന്ന എട്ടാം ക്ലാസിലെ പരീക്ഷ ഓണാവധിക്ക് ശേഷം സെപ്റ്റംബർ 1-ലേക്ക് മാറ്റിവെച്ചു.
ഓഗസ്റ്റ് 21-ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ച ശേഷമാണ് ഓണാവധിക്കായി സ്കൂളുകൾ അടയ്ക്കുന്നത്. ആഘോഷങ്ങൾ നടക്കുന്ന ദിവസം പരീക്ഷ ഒഴിവാക്കണമെന്ന് വിദ്യാർഥികളും അധ്യാപക സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് 21-ലെ എട്ടാം ക്ലാസ് പരീക്ഷ മാത്രം മാറ്റിവെക്കാൻ തീരുമാനിച്ചത്.
ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31-നാണ് സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുക. തുടർന്ന് തൊട്ടടുത്ത ദിവസമായ സെപ്റ്റംബർ 1-ന് മാറ്റിവെച്ച എട്ടാം ക്ലാസ് പരീക്ഷ നടക്കുമെന്ന് അധികൃതർ അറിയിച്ചു. മറ്റു ക്ലാസുകളിലെ പരീക്ഷകൾ നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.