മിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അമ്മയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ നടത്തിയ അധിക്ഷേപ പരാമർശത്തിൽ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം. ചെന്നൈയിലെ ബിജെപി ആസ്ഥാനമായ കമലാലയത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് നൈനാർ നാഗേന്ദ്രൻ വിവാദ പ്രസ്താവന നടത്തിയത്. ഇതിനെതിരെ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രവർത്തകരും ഇതര സഖ്യകക്ഷി നേതാക്കളും കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
നിയമസഭയിൽ വെച്ച് എം.കെ. സ്റ്റാലിനെക്കുറിച്ച് മുഖ്യമന്ത്രി വിജയ് നടത്തിയ 'അപ്പ പരാമർശത്തിന്' മറുപടി നൽകുന്നതിനിടയിലാണ് നൈനാർ നാഗേന്ദ്രൻ വിജയ്‌യുടെ അമ്മയെ വ്യക്തിപരമായി അധിക്ഷേപിച്ചത്. ഇത് തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. സ്ത്രീകൾക്കെതിരെയുള്ള ഇത്തരം മോശം പരാമർശങ്ങൾ തമിഴ് സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ അടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, തന്റെ പ്രസ്താവന രാഷ്ട്രീയ താല്പര്യങ്ങളോടെ വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി നൈനാർ നാഗേന്ദ്രൻ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഈ വിശദീകരണം തള്ളിയ ടിവികെ നേതാക്കൾ നൈനാറിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.
കഴിഞ്ഞദിവസം നടി തൃഷയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് പിന്നാലെ തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡിഎംകെ യുവനേതാവുമായ ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് സമാനമായ കടുത്ത നടപടി നൈനാർ നാഗേന്ദ്രനെതിരെയും വിജയ് സർക്കാർ സ്വീകരിക്കുമോ എന്നാണ് ഇപ്പോൾ തമിഴകം ഉറ്റുനോക്കുന്നത്. 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട് രാഷ്ട്രീയത്തിൽ സംഭവിക്കാനിടയുള്ള പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകളുടെ പശ്ചാത്തലത്തിലും ഈ വിവാദം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.