സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് (യെല്ലോ അലർട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്.
അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്.
മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും തീരദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.