Share this Article
News Malayalam 24x7
ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണം
Congress Leaders Invited to Attend Ayatollah Ali Khamenei's Funeral in Iran

അടുത്തിടെ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള മുതിർന്ന ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾക്ക് ഇറാന്റെ ഔദ്യോഗിക ക്ഷണം. ഖർഗെയ്ക്ക് പുറമെ മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദ്, കോൺഗ്രസ് മീഡിയ വിഭാഗം തലവൻ പവൻ ഖേര എന്നിവർക്കും ഇറാൻ ഔദ്യോഗികമായി ക്ഷണം അയച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 28-ന് ടെഹ്‌റാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് മുപ്പത് വർഷത്തിലേറെയായി ഇറാനെ നയിച്ചിരുന്ന ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ പ്രാദേശിക യുദ്ധസാഹചര്യങ്ങൾ കാരണം മാസങ്ങളോളം വൈകിയ സംസ്‌കാര ചടങ്ങുകൾ ജൂലൈ 5 മുതൽ 9 വരെയുള്ള തീയതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടെഹറാൻ, ഖോം, മഷ്ഹദ് എന്നീ നഗരങ്ങളിലായാണ് ചടങ്ങുകൾ നടക്കുക.


ഇടതുപക്ഷ രാഷ്ട്രീയ കക്ഷികൾക്ക് പുറമെ ബി.ജെ.പി നേതാവ് നിതിൻ നബീൻ, പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തി, ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു എന്നിവർക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നെങ്കിലും മുൻകൂട്ടി നിശ്ചയിച്ച വിദേശ സന്ദർശനങ്ങൾ ഉള്ളതിനാൽ അദ്ദേഹം ചടങ്ങിൽ പങ്കെടുക്കില്ല. ഇന്ത്യയെ ഔദ്യോഗികമായി പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ, ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്‌നൈൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.


ഇത്രയും കുറഞ്ഞ സമയപരിധിക്കുള്ളിൽ ഇറാനിലേക്ക് പോകാനുള്ള അസൗകര്യം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അറിയിച്ചിട്ടുണ്ടെങ്കിലും, പാർട്ടി വിദേശകാര്യ വിഭാഗം മേധാവി സൽമാൻ ഖുർഷിദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ചടങ്ങിൽ പങ്കെടുക്കാനായി ഇറാനിലേക്ക് പോകുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories