Share this Article
News Malayalam 24x7
രാജ്യസഭ തെരഞ്ഞെടുപ്പ് ഇന്ന്
Rajya Sabha Election 2026

രാജ്യത്തെ 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ മുതൽ വൈകുന്നേരം നാല് മണി വരെയാണ് വോട്ടെടുപ്പ്. എൻ.സി.പി (ശരദ് പവാർ വിഭാഗം) അധ്യക്ഷൻ ശരദ് പവാർ ഉൾപ്പെടെ 26 പേർ ഇതിനോടകം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ള 11 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ബീഹാറിലെ അഞ്ച് സീറ്റുകളിലും ഒഡീഷയിലെ നാല് സീറ്റുകളിലും ഹരിയാനയിലെ രണ്ട് സീറ്റുകളിലുമാണ് ഇന്ന് ജനവിധി. ബീഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാർ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ എന്നിവർ വിജയമുറപ്പിച്ചവരിൽ ഉൾപ്പെടുന്നു. വൈകുന്നേരം അഞ്ച് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ച് രാത്രിയോടെ ഫലപ്രഖ്യാപനം പൂർത്തിയാകും.

അതേസമയം, കേരളത്തിൽ വാണിജ്യ സിലിണ്ടറുകളുടെ വിതരണ പ്രതിസന്ധി അതീവ ഗുരുതരമായി തുടരുകയാണ്. ഇന്ധനക്ഷാമം മൂലം സംസ്ഥാനത്തെ ഹോട്ടലുകൾ ഓരോന്നായി അടച്ചുപൂട്ടുന്ന സാഹചര്യമാണുള്ളതെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. നിലവിൽ ആശുപത്രികൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, സർക്കാർ കാന്റീനുകൾ എന്നിവയ്ക്കാണ് വിതരണത്തിൽ മുൻഗണന നൽകുന്നത്.

വാണിജ്യ സിലിണ്ടറുകളുടെ ഉൽപ്പാദനം 20 ശതമാനമായി കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. ഗാർഹിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാണ് ഉൽപ്പാദനത്തിൽ മാറ്റം വരുത്തിയതെന്നാണ് വിശദീകരണം. വിഷയം കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

ഇന്ധന പ്രതിസന്ധിയും പശ്ചിമേഷ്യൻ സംഘർഷവും ഉന്നയിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം തീരുമാനിച്ചു. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നോട്ടീസ് നൽകും. സഭാ കവാടത്തിലും പ്രതിഷേധം സംഘടിപ്പിക്കും.

അതിനിടെ, ടൂറിസം മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി റിപ്പോർട്ടിലെ ശുപാർശകളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് സഭയിൽ പ്രസ്താവന നടത്തും. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ ആഗോള സാഹചര്യങ്ങളും ഇന്ധന വിലവർധനവും സഭയിൽ വലിയ വാദപ്രതിവാദങ്ങൾക്ക് വഴിതെളിക്കുമെന്ന് ഉറപ്പായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories