നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചാലക്കുടിയിൽ കോൺഗ്രസിന് തിരിച്ചടിയായി രാഷ്ട്രീയ അട്ടിമറി. ചാലക്കുടി നഗരസഭാ കൗൺസിലറും കോൺഗ്രസ് നേതാവുമായ അഡ്വ. ബിജു എസ്. ചിറയത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയായി ജനവിധി തേടും. എൽ.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) സീറ്റിലാണ് ബിജു മത്സരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നതിന്റെ ഭാഗമായി ബിജു എസ്. ചിറയത്ത് ഇന്ന് നഗരസഭാ കൗൺസിലർ സ്ഥാനം രാജിവെക്കും. കേരള കോൺഗ്രസ് മാണി വിഭാഗത്തിന് അനുവദിച്ച ചാലക്കുടി സീറ്റിൽ ബിജുവിനെ മത്സരിപ്പിക്കാൻ പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
കോൺഗ്രസ് പാളയത്തിൽ നിന്നുള്ള പ്രമുഖരെ സ്വീകരിച്ച് മത്സരിപ്പിക്കുന്ന തന്ത്രമാണ് ചാലക്കുടിയിൽ കേരള കോൺഗ്രസ് (എം) ഇത്തവണയും സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണയും കോൺഗ്രസിൽ നിന്ന് വന്ന ഒരാൾക്കായിരുന്നു മാണി വിഭാഗം ഇവിടെ സീറ്റ് നൽകിയിരുന്നത്. മണ്ഡലത്തിലെ വ്യക്തിപരമായ സ്വാധീനവും കോൺഗ്രസ് വോട്ടുകളിലെ വിള്ളലും അനുകൂലമാകുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടുന്നത്.
അഡ്വ. ബിജു എസ്. ചിറയത്ത് എൽ.ഡി.എഫ് പാളയത്തിലേക്ക് മാറുന്നത് ചാലക്കുടിയിലെ യു.ഡി.എഫ് കേന്ദ്രങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം കൂടുതൽ വാശിയേറിയതാകുമെന്ന് ഇതോടെ ഉറപ്പായി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ