Share this Article
News Malayalam 24x7
ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണാക്രമണം
Drone Strike Near Dubai Airport

പശ്ചിമേഷ്യയിൽ ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള സംഘർഷം 16-ാം ദിവസവും അതിരൂക്ഷമായി തുടരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പ്രദേശത്ത് വൻ തീപിടുത്തമുണ്ടായി. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചാണ് തീപിടുത്തമുണ്ടായതെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചതായി യുഎഇ അധികൃതർ അറിയിച്ചു.

വെടിനിർത്തൽ ചർച്ചകൾക്ക് ഇറാൻ താല്പര്യം പ്രകടിപ്പിച്ചെന്ന അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം ഇറാൻ വിദേശകാര്യ മന്ത്രാലയം തള്ളി. നിലവിൽ അത്തരമൊരു ചർച്ചയ്ക്ക് സാധ്യതയില്ലെന്ന നിലപാടിലാണ് ടെഹ്‌റാൻ. അതേസമയം, ലക്ഷ്യം പൂർത്തിയാക്കുന്നത് വരെ ആക്രമണം തുടരുമെന്ന് ഇസ്രായേൽ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡഫ്രിൻ വ്യക്തമാക്കി.


16 ദിവസം പിന്നിട്ട യുദ്ധത്തിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഇറാനിൽ 1444 പേർ കൊല്ലപ്പെട്ടു. 13 യുഎസ് സൈനികരും 15 ഇസ്രായേലികളും 27 ഇറാഖികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ, യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ കേന്ദ്രീകരിച്ച് നടന്ന ആക്രമണങ്ങളിൽ ആകെ 19 പേർ കൊല്ലപ്പെട്ടു.


ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സൈനികരെ ലക്ഷ്യമിട്ട് നടന്ന റോക്കറ്റ് ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. വടക്കൻ ഇറാഖിലെ കുർദ് പ്രതിപക്ഷ കേന്ദ്രത്തിന് നേരെയും മിസൈൽ ആക്രമണമുണ്ടായി. ടെഹ്‌റാൻ, ഹമദാൻ, ഇസ്ഫഹാൻ തുടങ്ങിയ നഗരങ്ങളെ കേന്ദ്രീകരിച്ചും ശക്തമായ പോരാട്ടം തുടരുകയാണ്.


സംഘർഷം ലഘൂകരിക്കാൻ ഗൾഫ് രാജ്യങ്ങൾ നയതന്ത്ര നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി യുഎഇയിലെത്തി ചർച്ചകൾ നടത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യുഎഇ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചു. ഖത്തർ പ്രധാനമന്ത്രിയും സൗദി വിദേശകാര്യ മന്ത്രിയും തമ്മിലും കൂടിക്കാഴ്ച നടത്തി. ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി സൗദി അറേബ്യ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.


യുദ്ധസമാനമായ സാഹചര്യത്തിനിടയിലും യുഎഇയിലെ ഫുജൈറ എണ്ണ സംഭരണശാലയിൽ നിന്നും ഇന്ത്യൻ കപ്പൽ എണ്ണയുമായി പുറപ്പെട്ടു. 'ജഗ് ലാഡ്കി' എന്ന കപ്പലാണ് 80,800 ടൺ എണ്ണയുമായി ഇന്ത്യയിലേക്ക് തിരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഇറാൻ ആക്രമിച്ച പ്രദേശത്ത് നിന്നാണ് കപ്പൽ സുരക്ഷിതമായി യാത്ര തിരിച്ചത് എന്നത് ശ്രദ്ധേയമാണ്.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories