Share this Article
News Malayalam 24x7
എന്‍.വാസു ഇ ഡിക്ക് മുന്നില്‍ ഹാജരായി; ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച
N. Vasu

ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളിപ്പിക്കൽ കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). തിരുവിതാങ്കൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം മുൻ കമ്മീഷണറുമായ എൻ. വാസു ചോദ്യം ചെയ്യലിനായി ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായി. കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് അദ്ദേഹം എത്തിയത്. മാർച്ച് ആദ്യവാരം ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നേരത്തെ നോട്ടീസ് നൽകിയിരുന്നു.


അഴിമതി നിരോധന നിയമപ്രകാരം പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രജിസ്റ്റർ ചെയ്തിരുന്ന കേസ്, വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നെന്ന സംശയത്തെ തുടർന്നാണ് ഇ.ഡി ഏറ്റെടുത്തത്. കള്ളപ്പണം വെളിപ്പിക്കൽ നിരോധന നിയമം (PMLA) അനുസരിച്ചാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്. ശബരിമലയിലെ സ്വർണ്ണപ്പാളികൾ മാറ്റിയതിൽ വലിയ അഴിമതിയും ബാഹ്യ ഇടപെടലുകളും നടന്നിട്ടുണ്ടെന്നാണ് കേന്ദ്ര ഏജൻസിയുടെ വിലയിരുത്തൽ.


എൻ. വാസു ദേവസ്വം കമ്മീഷണറായിരിക്കെ 2019-ലാണ് ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞിരുന്ന സ്വർണ്ണം പൂശിയ ചെമ്പുപാളികൾ പ്രത്യേക കുറിപ്പിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോയത്. ഇത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന ആരോപണമാണ് പ്രധാനമായും ഉയർന്നിട്ടുള്ളത്.


സ്വർണ്ണം പൂശുന്ന പ്രവൃത്തികൾ സംസ്ഥാനത്തിന് പുറത്തുവെച്ച് നടത്തിയ നടപടി ശബരിമലയിലെ ആചാരങ്ങൾക്കും പാരമ്പര്യത്തിനും വിരുദ്ധമാണെന്ന് പരാതി ഉയർന്നിരുന്നു. ഇതിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് ഇ.ഡി പരിശോധിക്കുന്നു.

നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ യഥാർത്ഥ അളവ് എത്രയാണെന്ന് കണ്ടെത്താൻ ഇതുവരെ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. തൊണ്ടിമുതൽ കണ്ടെത്താത്ത സാഹചര്യത്തിൽ, ഇതിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ വ്യക്തികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇ.ഡിയുടെ നീക്കം.

റിമാൻഡ് കാലാവധി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് ലഭിച്ച സ്വാഭാവിക ജാമ്യത്തിലാണ് എൻ. വാസു ഇപ്പോൾ പുറത്തുള്ളത്. ജാമ്യം ലഭിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് കേന്ദ്ര ഏജൻസി അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

ഈ കേസുമായി ബന്ധപ്പെട്ട് നടൻ ജയറാം, ഉണ്ണിക്കൃഷ്ണൻ പോറ്റി, മുൻ ദേവസ്വം ഉദ്യോഗസ്ഥരായ സുധീഷ് കുമാർ, മുരാരി ബാബു എന്നിവരെ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. നടൻ ജയറാമിനെ കേസിൽ സാക്ഷിയാക്കാനുള്ള സാധ്യതയും ഇ.ഡി പരിഗണിക്കുന്നുണ്ട്. ശബരിമല തന്ത്രിയോടും ഉടൻ ഹാജരാകാൻ ഇ.ഡി നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി വരും ദിവസങ്ങളിലും ചോദ്യം ചെയ്യൽ തുടരുമെന്നാണ് സൂചന.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories