Share this Article
News Malayalam 24x7
മുൻകൂർ ജാമ്യത്തിന് മുമ്പ് തന്നെ അറസ്റ്റ് ചെയ്യണമെന്ന് പൊലീസുകാർക്ക് സമ്മർദം ഉണ്ടായിരുന്നു
Shamsudheen Alleges

അഭിലാഷം' എന്ന സിനിമയുടെ മാസ്റ്റർ പ്രിന്റ് കൈക്കലാക്കി വഞ്ചിച്ചുവെന്ന നിർമ്മാതാവിന്റെ പരാതിയിൽ സംവിധായകൻ ഷംസുദ്ദീനെ ഹിൽ പാലസ് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

സിനിമയുടെ നിർമ്മാണ കമ്പനിയായ 'സെക്കൻഡ് ഷോ പ്രൊഡക്ഷൻസി'ന്റെ മാനേജിങ് പാർട്ണർ അൻസരിഗ ആന്റണി നൽകിയ പരാതിയിലാണ് നടപടി. സിനിമയുടെ ചിത്രീകരണം സംവിധായകൻ അനാവശ്യമായി വൈകിപ്പിച്ചുവെന്നും ഇതുമൂലം നാല് കോടിയോളം രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായും പരാതിയിൽ ആരോപിക്കുന്നു. കൂടാതെ സിനിമയുടെ മാസ്റ്റർ പ്രിന്റ് വിട്ടുനൽകാൻ തയ്യാറാകാതെ ഷംസുദ്ദീൻ വഞ്ചിച്ചുവെന്നും നിർമ്മാതാവ് ആരോപിച്ചു.


അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സംവിധായകൻ ഷംസുദ്ദീൻ പ്രതികരിച്ചു. സിനിമ റിലീസ് ചെയ്ത് ഒരു വർഷം കഴിഞ്ഞിട്ടും ഇപ്പോഴുള്ള ഈ നീക്കം ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമ ഇതിനകം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ടെലിവിഷനിലും പ്രദർശിപ്പിച്ചതാണ്. സിനിമയുടെ മാസ്റ്റർ കോപ്പി തന്റെ കൈവശമില്ലെന്നും അത് നിർമ്മാതാവിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.


തനിക്ക് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിക്കുന്നത് തടയാൻ ആരോ പൊലീസിനുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും, അർദ്ധരാത്രിയിൽ പൊലീസ് വീട്ടിൽ അതിക്രമിച്ചു കയറി തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്തായിരുന്നുവെന്നും ഷംസുദ്ദീൻ ചോദിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories