Share this Article
News Malayalam 24x7
‘വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതിലുകൾ പൊളിച്ചെറിയാം’; 'സ്വാതന്ത്ര്യദിനം കേവലം ആഘോഷമാക്കരുത്, ആത്മപരിശോധന വേണം', ആശംസകളുമായി പിണറായി വിജയൻ
വെബ് ടീം
1 hours 55 Minutes Ago
1 min read
PINARAYI VIJAYAN

തിരുവനന്തപുരം:സാമ്രാജ്യത്വത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് രാജ്യം സ്വതന്ത്രമായി 79 വർഷം പൂർത്തിയാക്കി എൺപതാം സ്വാതന്ത്ര്യദിനത്തിലേക്ക് കടക്കുന്ന വേളയെ കേവലം ഒരു ആഘോഷമായി ചുരുക്കരുതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹികാവസ്ഥകളെ കുറിച്ചുള്ള ഗൗരവപൂർണ്ണമായ ആത്മപരിശോധനയ്ക്ക് ഈ സ്വാതന്ത്ര്യദിന സന്ദർഭത്തിൽ നാം തയ്യാറാകണമെന്ന് അദ്ദേഹം തൻ്റെ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും ബഹുസ്വരതയും ഇന്ന് വലിയ വെല്ലുവിളികൾ നേരിടുകയാണ്. 'നാനാത്വത്തിൽ ഏകത്വം' നൽകുന്ന കരുത്തിനെ ദുർബലപ്പെടുത്താനും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ചുറ്റും നടക്കുന്നുണ്ട്. വർഗീയതയ്ക്ക് ഈ മണ്ണിൽ സ്ഥാനമില്ലെന്നും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ കൈവിടാതെ കാത്തുകൊള്ളുമെന്നും ഈ ദിനത്തിൽ ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊഴിലില്ലായ്മ, വിലക്കയറ്റം, വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വം തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചൂഷണങ്ങൾക്ക് അറുതി വരുത്തുന്നതിനും ഒന്നിച്ചു നിൽക്കാൻ സ്വാതന്ത്ര്യത്തിനായി നടത്തിയ പോരാട്ടങ്ങളുടെ സ്മരണകൾ കരുത്ത് പകരും. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ടത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ഇന്ത്യയല്ല; മറിച്ച് എല്ലാ പൗരന്മാർക്കും തുല്യനീതിയും സ്വാതന്ത്ര്യവും ലഭിക്കുന്ന ഒരു മതനിരപേക്ഷ ജനാധിപത്യ രാജ്യമാണ്. ഭരണഘടനാ ബാഹ്യ ഇടപെടലുകളിൽ നിന്ന് ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുക എന്നത് ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പെടുന്ന ഏറ്റവും വലിയ കടമയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതിലുകൾ പൊളിച്ചെറിഞ്ഞ് മാനവികതയും സാഹോദര്യവും നിറഞ്ഞ ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഒരുമിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകളും നേർന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories