പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാക്കി ഇറാന് നേരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത സാമ്പത്തിക നടപടികളും ഉപരോധങ്ങളും ഇറാന് മേൽ ഏർപ്പെടുത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങൾ അടുത്തയാഴ്ച ഉണ്ടായേക്കും. ഇറാനെ സാമ്പത്തികമായി പൂർണ്ണമായി ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലെ ഉപരോധം അനിശ്ചിതകാലത്തേക്ക് തുടരാൻ അമേരിക്കയ്ക്ക് സാധിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും വ്യക്തമാക്കി. അമേരിക്കൻ വിപണിയിലെ ഊർജ്ജവില സ്ഥിരപ്പെടുത്തുന്നതിനൊപ്പം തെഹ്‌റാൻ ആണവായുധം നിർമ്മിക്കുന്നത് തടയുകയുമാണ് ഉപരോധത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ചൂണ്ടിക്കാട്ടി.
അതേസമയം, അമേരിക്കയുടെ ഭീഷണികൾക്കും ഉപരോധങ്ങൾക്കും വഴങ്ങില്ലെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി. തങ്ങളുടെ അനുമതിയില്ലാതെ ഒരു വിദേശ കപ്പലും ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. സമുദ്ര ഗതാഗതം സാധാരണ നിലയിലാണെന്ന യുഎസിന്റെ വാദത്തെ ഇറാൻ പൂർണ്ണമായും തള്ളി.
അതിനിടെ, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോവുകയായിരുന്ന അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി യുഎഇ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും സമുദ്രമേഖലയിലെ പ്രകോപനങ്ങളും ഉപരോധ മുന്നറിയിപ്പുകളും പശ്ചിമേഷ്യയിലെ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.