എയിംസ് അനുവദിക്കുന്നതില്‍ കേരളത്തിന് മുന്‍ഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കേരളം ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്. ആരോഗ്യ രംഗത്ത് മോശമായ സംസ്ഥാനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. എയിംസ് കാസര്‍ഗോഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. അതേസമയം കേന്ദ്ര നിലപാടിനെ ചീഫ് ജസ്റ്റിസ് രൂക്ഷമായി വിമര്‍ശിച്ചു. കേരളം മുന്‍പന്തിയില്‍ നില്‍ക്കുന്നത് എയിംസ് നല്‍കാതിരിക്കാനുള്ള അയോഗ്യതയാണോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. എല്ലാവര്‍ക്കും മുന്‍നിര സ്വകാര്യ ആശുപത്രികളെയോ മറ്റ് ആശുപത്രികളെയോ ആശ്രയിക്കാന്‍ കഴിയില്ല. എയിംസ് കേരളം അര്‍ഹിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ആറാഴ്ചയ്ക്ക് അകം മറുപടി നല്‍കാനും കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.