Share this Article
പമ്പയിൽ വസ്ത്രങ്ങളും മാലിന്യവും തള്ളുന്നതിന് നിരോധനം; 5,000 രൂപ വരെ പിഴയെന്ന് എഡിഎം
Ban on Dumping Clothes, Waste in Pamba

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് പമ്പ നദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് നിരോധനം. വസ്ത്രമോ മറ്റ് വസ്തുക്കളോ നിക്ഷേപിക്കുന്നവര്‍ അയ്യായിരം രൂപ വരെ പിഴയൊടുക്കണം. ശബരിമല എ ഡി എമ്മാണ് ഉത്തരവിറക്കിയത്.

ശബരിമലയില്‍ എത്തുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് പതിവാണ്. ഇത് വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്.  പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെയും പ്രദേശവാസികളുടെയും പ്രധാന കുടിവെള്ള സ്രോതസ്സായ പമ്പ നദിയിലെ ജലം മലിനമാകുന്നതും ജലജന്യ രോഗങ്ങള്‍ പടരാനുള്ള സാധ്യതയും മുന്‍നിര്‍ത്തിയാണ് എഡിഎമ്മിന്റെ ഉത്തരവ്. 

പമ്പയിലോ കൈവഴികളിലോ സ്‌നാനഘട്ടങ്ങളിലോ ഉപയോഗിച്ച വസ്ത്രങ്ങളോ തുണിത്തരങ്ങളോ മറ്റ് വ്യക്തിഗത വസ്തുക്കളോ ഉപേക്ഷിക്കാനോ തള്ളാനോ പാടില്ല. നദിയിലോ തീരങ്ങളിലോ പൊതുസ്ഥലങ്ങളിലോ പ്ലാസ്റ്റിക്, ഖര, ജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും കര്‍ശനമായി നിരോധിച്ചു. ബി.എന്‍.എസ്.എസ് സെക്ഷന്‍ 163, കേരള പഞ്ചായത്ത് രാജ് ആക്ട്  എന്നിവ പ്രകാരമാണ് ഉത്തരവ് ലംഘിച്ച് നദി മലിനമാക്കുന്നവരില്‍ നിന്നും മാലിന്യങ്ങള്‍ തള്ളുന്നവരില്‍ നിന്നും 5,000 രൂപ വരെ തത്സമയ പിഴ ഈടാക്കുക. 15 ദിവസത്തിനകം പിഴയൊടുക്കാത്തപക്ഷം പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ഈടാക്കുന്ന പിഴത്തുക റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് തനത് ഫണ്ടില്‍ ഉള്‍പ്പെടുത്താനും തുക പൂര്‍ണ്ണമായും ശബരിമലയിലെയും പമ്പയിലെയും ശുചീകരണ, മാലിന്യ സംസ്‌കരണ, നദീശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം വിനിയോഗിക്കാനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് കര്‍ശനമായി നടപ്പിലാക്കുന്നതിനും നദീതീരങ്ങളിലും സ്‌നാനഘട്ടങ്ങളിലും പരിശോധന നടത്തി നിയമലംഘകരില്‍ നിന്നും പിഴ ഈടാക്കുന്നതിനുമായി പമ്പ ഡ്യൂട്ടി മജിസ്ട്രേറ്റ്, പമ്പ പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കാണ് ചുമതല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories