കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ചട്ടങ്ങള്‍ പൊളിച്ചെഴുതാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ നിലവിലെ കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അതൃപ്തിയെന്ന് സൂചന. 2018-ലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ട് ഇറക്കിയ കരട് വിജ്ഞാപനത്തിന് മുന്‍കാല പ്രാബല്യം നല്‍കുന്നത് തങ്ങളുടെ നിയമനം, ശമ്പളം, സ്ഥാനക്കയറ്റം എന്നിവയെ അനിശ്ചിതത്വത്തിലാക്കുമെന്നാണ് ആശങ്ക. പുതിയ മാറ്റമനുസരിച്ച്, നേരത്തെ കെഎഎസിനായി മാറ്റിവെച്ചിരുന്ന ഡെപ്യൂട്ടി കളക്ടര്‍, ഡിഇഒ തുടങ്ങിയ പ്രധാന പദവികള്‍ക്ക് പകരം താഴെയുള്ള തസ്തികകളിലും സര്‍ക്കാരിന് ഇവരെ നിയമിക്കാന്‍ കഴിയും. കൂടാതെ ഉയര്‍ന്ന ഗ്രേഡ് പേയും നിശ്ചിത പ്രമോഷന്‍ അനുപാതവും എടുത്തുകളയുകയും ചെയ്യുന്നു. ജോലി നല്‍കിയ സമയത്തെ വാഗ്ദാനങ്ങള്‍ ലംഘിക്കുന്നതും, തങ്ങളോട് ആലോചിക്കാതെ ഭേദഗതി കൊണ്ടുവരുന്നതും വഞ്ചനയാണെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. കരട് വിജ്ഞാപനത്തില്‍ അഭിപ്രായമറിയിക്കാന്‍ സാധാരണ നല്‍കാറുള്ള ഒരു മാസത്തിന് പകരം വെറും ഏഴ് ദിവസം മാത്രമാണ് നല്‍കിയിട്ടുള്ളത്. ഈ സമയം നീട്ടിനല്‍കണമെന്നും, തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാന്‍ ആണ് കെഎഎസ് ഉദ്യോഗസ്ഥരുടെ തീരുമാനം.