ഫ്‌ലൈദുബായ് വിമാനം തകര്‍ക്കാന്‍ കോ- പൈലറ്റ്് പദ്ധതിയിട്ടത് ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടികളോടുള്ള പ്രതികാരമായെന്ന് റിപ്പോര്‍ട്ട്. ടെല്‍അവീവിലെ ബെന്‍ ഗുരിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇടിച്ചിറക്കാനായിരുന്നു കോ-പൈലറ്റ് ഹമാം അല്‍ ഹമ്മാമിയുടെ പ്രാഥമിക ലക്ഷ്യം. ഈ നീക്കം പരാജയപ്പെട്ടാല്‍ പ്ലാന്‍-ബി ആയി ജോര്‍ദാനിലെ യു.എസ് സൈനിക താവളം ആക്രമിക്കാനും ഇയാള്‍ പദ്ധതിയിട്ടിരുന്നതായും ഇസ്രയേലി മാധ്യമമായ വൈനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിന് മുന്‍പ് ദീര്‍ഘകാലമായി ഹമ്മാമി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്നും ഇസ്രയേലിലേക്ക് പോകുന്ന വിമാനത്തില്‍ പൈലറ്റായി എത്തുന്നതിനുള്ള ആസൂത്രണം നടത്തിയ ഇയാള്‍ കഴിഞ്ഞ ജൂണില്‍ ഇസ്രായേലിലേക്ക് യാത്ര ചെയ്തിട്ടുമുണ്ടെന്നുമാണ് വിവരം. സ്വയം 'രക്തസാക്ഷി' ആകാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയ ഇയാള്‍ ജൂലൈയില്‍ ആക്രമണം നടത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ജീവനക്കാരില്‍ ഒരാളുമായുള്ള വ്യക്തിപരമായ അടുപ്പം കാരണം അന്ന് തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. ഹമ്മാമിയുടെ പശ്ചാത്തലവും കൃത്യത്തിന് പിന്നിലെ ഉദ്ദേശ്യങ്ങളും കണ്ടെത്താനും ഇയാള്‍ ഒറ്റയ്ക്കാണ് ഇത് ചെയ്തതെന്ന് ഉറപ്പുവരുത്തുന്നതിനുമായി ആറ് രാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികളുമായി ചേര്‍ന്ന് ഇസ്രയേലി ഉദ്യോഗസ്ഥര്‍ നിലവില്‍ അന്വേഷണം നടത്തിവരികയാണ്.