കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതി. വായുമലിനീകരണത്തിന്റെ കാരണങ്ങൾ കണ്ടെത്തി നിയന്ത്രണ നടപടികൾ നിർദേശിക്കുകയാണ് ലക്ഷ്യം. ഇതിനായി മൂന്നംഗ സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ കഴിഞ്ഞ അഞ്ച് വർഷത്തെ വായു ഗുണനിലവാരത്തിലെ മാറ്റങ്ങൾ സമിതി പരിശോധിക്കും. വിവിധ ഏജൻസികൾ പുറത്തുവിടുന്ന വായു ഗുണനിലവാര സൂചികയിലെ കണക്കുകളിൽ വ്യത്യാസമുണ്ടാകുന്നതിന്റെ കാരണങ്ങളും വിലയിരുത്തും. വാഹനങ്ങളിൽ നിന്നുള്ള പുക, നിർമാണ പ്രവർത്തനങ്ങൾ, റോഡുകളിലെ പൊടിപടലങ്ങൾ, മാലിന്യം കത്തിക്കൽ, വ്യവസായശാലകളിൽ നിന്നുള്ള മലിനീകരണം എന്നിവയുടെ സ്വാധീനവും പഠനവിധേയമാക്കും. നിലവിലെ നിരീക്ഷണ സംവിധാനങ്ങളുടെ വിശ്വാസ്യതയും സമിതി പരിശോധിക്കും. വായുമലിനീകരണം കുറയ്ക്കുന്നതിനുള്ള ഹ്രസ്വ-ദീർഘകാല നടപടികൾ, തത്സമയ വായു ഗുണനിലവാര വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കൽ, ആരോഗ്യ മുന്നറിയിപ്പ് സംവിധാനം എന്നിവയിലും ശുപാർശകൾ നൽകും. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം.