പരസ്പരമുള്ള ആക്രമണം രൂക്ഷമാക്കി സൗദി സഖ്യസേനയും, ഹൂതി വിമതരും. സൗദിയുടെ തെക്കന്‍ മേഖല ലക്ഷ്യമാക്കി ഹൂതികള്‍ അയച്ച സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ആകാശത്തുവെച്ച് തന്നെ തകര്‍ത്തതായി സൗദി സഖ്യസേന അറിയിച്ചു. ഹൂതികളുടെ ആക്രമണത്തിന് തിരിച്ചടിയായി യെമനിലെ വിവിധ കേന്ദ്രങ്ങളില്‍ സൗദി സഖ്യസേന ശക്തമായ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ 67 വ്യോമാക്രമണങ്ങളും മിസൈല്‍ ആക്രമണങ്ങളും നടന്നതായി ഹൂതികള്‍ വ്യക്തമാക്കി. ഈ ആക്രമണങ്ങളില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഹൂതി സൈനിക വക്താവ് ആരോപിച്ചു.